ന്യൂഡൽഹി: തുടർച്ചയായ ഒമ്പതാംദിവസവും പ്രതിദിനരോഗസ്ഥിരീകരണനിരക്ക് പത്തുശതമാനത്തിലും താഴ്ന്നതോടെ രാജ്യം കോവിഡ് രണ്ടാംതംരഗത്തിന്റെ തീവ്രഘട്ടം പിന്നിട്ടതായി ഐ.സി.എം.ആർ. ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ. നേരത്തേയുണ്ടായിരുന്നതിന്റെ പകുതിയോളം ജില്ലകളിലിപ്പോൾ അഞ്ചുശതമാനത്തിൽ താഴെയാണ് സ്ഥിരീകരണനിരക്ക്. ഒരു പ്രദേശത്ത് തുടർച്ചയായി രണ്ടാഴ്ച രോഗസ്ഥിരീകരണനിരക്ക് അഞ്ചുശതമാനത്തിൽ താഴെയാണെങ്കിൽ രോഗവ്യാപനം സ്ഥിരതയിലാണെന്നതിന്റെ സൂചനയാണെന്നാണ് ലോകാരോഗ്യസംഘടന പറയുന്നത്.

ഏപ്രിൽ ആദ്യവാരം 200-ൽത്താഴെ ജില്ലകളിലാണ് 10 ശതമാനത്തിൽ കൂടുതൽ സ്ഥിരീകരണനിരക്ക് ഉണ്ടായിരുന്നത്. മാസാവസാനത്തോടെയത് 600 ജില്ലകളിലായി. തീവ്ര നിയന്ത്രണനടപടികളും ഉയർന്ന പരിശോധനയും കാരണം 239 ജില്ലകളിൽ മാത്രമാണിപ്പോൾ പത്തുശതമാനത്തിൽ കൂടുതൽ സ്ഥിരീകരണനിരക്ക്. 145 ജില്ലകളിൽ ഇത് 5-10 ശതമാനവും 350 ജില്ലകളിൽ അഞ്ചുശതമാനത്തിൽ താഴെയുമാണെന്ന് ഭാർഗവ പറഞ്ഞു.

രാജ്യത്ത് തുടർച്ചയായ ആറാംദിവസവും പ്രതിദിനരോഗിബാധിതരുടെ എണ്ണം രണ്ടു ലക്ഷത്തിൽ താഴെയാണ്. ബുധനാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിനിടെ 1,32,788 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ ചികിത്സയിലുള്ളത് 17,93,645 പേരാണ്. 24 മണിക്കൂറിനിടെ ചികിത്സയിലുള്ളവരുടെ എണ്ണത്തിൽ 1,01,875 കുറവുണ്ടായി. 2,31,456 പേർ രോഗമുക്തരായി. ചൊവ്വാഴ്ചത്തെ രോഗസ്ഥിരീകരണനിരക്ക് 6.57 ശതമാനമാണ്. ഇരുപതാം ദിവസവും രോഗം ബാധിക്കുന്നവരെക്കാൾ രോഗമുക്തി കൂടുതലായി.

രോഗബാധ കുറയുന്നതിന്റെ ഗുണം നിലനിർത്താൻ നിയന്ത്രണങ്ങളിൽ ഇളവുനൽകുന്നത് ധൃതികൂട്ടാതെയും ആലോചിച്ചും വേണമെന്ന് സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ഡോ. ബൽറാം ഭാർഗവ മുന്നറിയിപ്പുനൽകി.

‘‘കുറച്ചുദിവസമായി നമുക്ക് വൈറസിനെ നിയന്ത്രിക്കാൻ കഴിഞ്ഞു. എന്നാലും ജാഗ്രത കൈവിടരുത്. രോഗസ്ഥിരീകരണനിരക്ക് അഞ്ചുശതമാനത്തിൽത്താഴെ എത്തിയതും 60-നും 45-നും മുകളിലുള്ള, അനുബന്ധരോഗങ്ങളുള്ളവരുടെ വാക്സിനേഷൻ നിരക്ക് 70 ശതമാനത്തിലധികമായതുമായ പ്രദേശങ്ങളിൽ ഇളവുനൽകാം. മറ്റൊരുതരംഗം ഉണ്ടാവാതിരിക്കാൻ എല്ലാവരും സമൂഹത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കണം’’ -അദ്ദേഹം കൂട്ടിച്ചേർത്തു.

രാജ്യത്ത് വാക്സിനേഷൻ ഇതുവരെ 21.85 കോടി ഡോസ് വാക്സിൻ നൽകി. 30,91,543 സെഷനുകളിലായി 21,85,46,667 പേർക്കാണ് വാക്സിൻ നൽകിയത്.