ന്യൂഡൽഹി: സർദാർ വല്ലഭ്ഭായ് പട്ടേലിനെക്കുറിച്ചുള്ള പുതിയ വെളിപ്പെടുത്തലിൽ രാഷ്ട്രീയവിവാദം പുകയുന്നു. സ്വാതന്ത്ര്യാനന്തരമുള്ള ആദ്യസർക്കാരിൽ പട്ടേലിനെ ഒഴിവാക്കാൻ പ്രധാനമന്ത്രിയായിരുന്ന ജവാഹർലാൽ നെഹ്രു ശ്രമിച്ചെന്നാണ് കഴിഞ്ഞദിവസം പുറത്തിറങ്ങിയ പുസ്തകത്തിലെ ആരോപണം.

സ്വാതന്ത്ര്യത്തിനുശേഷം നാട്ടുരാജ്യങ്ങളെ ഇന്ത്യയിൽ ലയിപ്പിക്കാൻ പട്ടേലിന്റെ വലംകൈയായി നിന്ന ആഭ്യന്തരസെക്രട്ടറി വി.പി. മേനോന്റെ കൊച്ചുമകൾ നാരായണി ബസു രചിച്ച ‘വി.പി. മേനോൻ-ദി അൺസങ് ആർക്കിടെക്ട് ഓഫ് മോഡേൺ ഇന്ത്യ’ എന്ന പുസ്തകത്തിലാണ് പരാമർശം. ഇക്കാര്യം വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ട്വീറ്റു ചെയ്തതോടെ വിവാദം കത്തിപ്പടർന്നു.

1947 ഓഗസ്റ്റ് ആദ്യവാരം വൈസ്രോയി മൗണ്ട്ബാറ്റനു നെഹ്രു സമർപ്പിച്ച മന്ത്രിമാരുടെ പട്ടികയിൽ പട്ടേലിന്റെ പേരുണ്ടായിരുന്നില്ലെന്ന് പുസ്തകത്തിൽ പറയുന്നു. പിന്നീട്, മൗണ്ട്ബാറ്റൻ ഇടപെട്ടാണ് മന്ത്രിസഭയിൽ ഉൾപ്പെടുത്തിയതെന്നും പുസ്തകത്തിൽ നാരായണി വിശദീകരിക്കുന്നു. ഇക്കാര്യം മന്ത്രി ജയ്‌ശങ്കർ ട്വീറ്റ് ചെയ്തതോടെ വിമർശനവുമായി കോൺഗ്രസ് നേതാവ് ജയറാം രമേഷും ചരിത്രകാരൻ രാമചന്ദ്രഗുഹയും രംഗത്തെത്തി.

നെഹ്രു പട്ടേലിനെ മന്ത്രിസഭയിൽ ഉൾപ്പെടുത്തിയിരുന്നില്ലെന്നതു വ്യാജവാർത്തയാണെന്നു ജയറാം രമേഷ് കുറ്റപ്പെടുത്തി. 1947 ജൂലായ് 19-നു നെഹ്‌റു മൗണ്ട്ബാറ്റനും പിന്നീട് ജൂലായ് 30-നും ഓഗസ്റ്റ് ഒന്നിനും പട്ടേലിനും അയച്ച കത്തുകൾ അദ്ദേഹം ട്വിറ്ററിൽ പരസ്യപ്പെടുത്തി. പട്ടേലിനെ മന്ത്രിസഭയിൽ ചേരാൻ ക്ഷണിച്ച് നെഹ്രു അയച്ചതാണ് ഈ കത്തുകൾ. നെഹ്രു ഓഗസ്റ്റ് നാലിന് മൗണ്ട് ബാറ്റനും പട്ടേലിനും അയച്ച കത്തുകളും ജയറാം രമേഷ് പുറത്തുവിട്ടു. മന്ത്രിസഭയിലെ രണ്ടാമനായി പട്ടേലിനെ നിശ്ചയിച്ചതു തെളിയിക്കുന്ന 1947 ഓഗസ്റ്റ് 14-നു നെഹ്രുവിന്റെ ഓഫീസ് നോട്ടും അദ്ദേഹം പരസ്യപ്പെടുത്തി.

1947 ഓഗസ്റ്റ് ഒന്നിനു നെഹ്രു പട്ടേലിനയച്ച ക്ഷണക്കത്ത് പുറത്തുവിട്ട ചരിത്രകാരൻ രാമചന്ദ്ര ഗുഹ മന്ത്രി ജയ്ശങ്കറിനെതിരേ രൂക്ഷവിമർശനവും അഴിച്ചുവിട്ടു. “ജെ.എൻ.യു.വിൽനിന്നു ഗവേഷണബിരുദം നേടിയ മന്ത്രി തന്നെക്കാൾ പുസ്തകം വായിച്ചിട്ടുണ്ടാവും. അവയിലൊക്കെ നെഹ്‌റുവും പട്ടേലും തമ്മിലുള്ള കത്തിടപാടുകളും പ്രസിദ്ധീകരിച്ചിട്ടുണ്ടാവും. തന്റെ മന്ത്രിസഭയിലെ നെടുംതൂണാണ് പട്ടേലെന്നാണ് കത്തിൽ നെഹ്രു വിശേഷിപ്പിച്ചത്”- രാമചന്ദ്ര ഗുഹ വിദേശകാര്യമന്ത്രിയെ ഓർമിപ്പിച്ചു.

നെഹ്രുവിനെ രൂക്ഷമായി വിമർശിച്ചും പട്ടേലിനെ പുകഴ്ത്തിയും പ്രധാനമന്ത്രിയടക്കമുള്ളവർ രംഗത്തെത്തിയിട്ടുള്ള പശ്ചാത്തലത്തിലാണ് പുസ്തകത്തെച്ചൊല്ലി ഇപ്പോൾ നടക്കുന്ന വാദപ്രതിവാദങ്ങൾ.

Content Highlights: Pattel and Nehru book controversy;  tweet war in social media