ന്യൂഡൽഹി : പാർലമെന്റിന്റെ ബജറ്റ് സമ്മേളനം വെള്ളിയാഴ്ച തുടങ്ങും. കോവിഡ് വ്യാപനത്തിന്റെയും കർഷകസമരത്തിന്റെയും സാഹചര്യത്തിൽ നടക്കുന്ന സമ്മേളനം രാഷ്ട്രീയപ്പോരാട്ടങ്ങളുടെ വേദിയായിമാറും. രണ്ടു ഘട്ടങ്ങളിലായാണ് സമ്മേളനം നിശ്ചയിച്ചിരിക്കുന്നത്.

വെള്ളിയാഴ്ച ഇരുസഭകളുടെയും സംയുക്തസമ്മേളനത്തെ രാഷ്ട്രപതി രാം നാഥ് കോവിന്ദ് അഭിസംബോധനചെയ്യും. തുടർന്ന് സഭകൾ വെവ്വേറെ ചേരും. രാജ്യത്തിന്റെ സാമ്പത്തികസ്ഥിതി വ്യക്തമാക്കുന്ന സാമ്പത്തികസർവേ ധനമന്ത്രി നിർമലാ സീതാരാമൻ ലോക്‌സഭയുടെ മേശപ്പുറത്തുവെക്കും.

തിങ്കളാഴ്ചയാണ് പൊതുബജറ്റ് അവതരിപ്പിക്കുക. ഫെബ്രുവരി 15 വരെ ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം നീളും. രണ്ടാംഘട്ടം മാർച്ച് എട്ടിന് ആരംഭിച്ച് ഏപ്രിൽ എട്ടുവരെ തുടരും.

കോവിഡ് പ്രോട്ടോകോൾ പാലിച്ചാണ് സമ്മേളനം. രാജ്യസഭ രാവിലെ ഒമ്പതുമുതൽ രണ്ടുവരെയും ലോക്‌സഭ ഒമ്പതുമുതൽ ഒമ്പതുവരെയുമാണ് സമ്മേളിക്കുക. കോവിഡ് പരിശോധനയ്ക്കുശേഷമേ അംഗങ്ങൾക്ക് പ്രവേശനം നൽകൂ. അംഗങ്ങളുടെ കോവിഡ് പരിശോധന പാർലമെന്റ് മന്ദിരത്തിൽ ബുധനാഴ്ച ആരംഭിച്ചു. കർഷകപ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിലും പരിസരത്തും സുരക്ഷാസംവിധാനങ്ങൾ വർധിപ്പിച്ചു.

content highlights: patliament session to start from tomorrow