അഹമ്മദാബാദ്: ഗുജറാത്തില്‍ സംവരണത്തിന്റെ കാര്യത്തില്‍ ഹാര്‍ദിക് പട്ടേല്‍ വിഭാഗവുമായി ധാരണയിലെത്താന്‍ കോണ്‍ഗ്രസ് പാടുപെടുന്നു. നിയമവിദഗ്ധന്‍കൂടിയായ കപില്‍സിബലിന്റെ നേതൃത്വത്തില്‍ വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടുമണിവരെയാണ് കോണ്‍ഗ്രസ് ആസ്ഥാനത്ത് ചര്‍ച്ചകള്‍ നടന്നത്. നിര്‍ദേശങ്ങള്‍ പട്ടേല്‍ വിഭാഗക്കാരുടെ പരിഗണനയിലാണ്.

പട്ടേലുമാരെ ഒ.ബി.സി.യില്‍ പെടുത്തി സംവരണം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഹാര്‍ദിക് പട്ടേലിന്റെ പട്ടേല്‍ സംവരണ സമരസമിതി രണ്ടര വര്‍ഷമായി സമരം ചെയ്യുന്നത്.

സവര്‍ണരായ പട്ടേല്‍ സമുദായത്തെ ഒ.ബി.സി.യില്‍ പെടുത്തുന്നതിന് നിയമസാധുത കിട്ടില്ല, നിലവിലെ സംവരണം 49 ശതമാനം ആയതിനാല്‍ വര്‍ധിപ്പിക്കുന്നതിനും നിയമതടസ്സമുണ്ട്. ഈ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബി.ജെ.പി. സര്‍ക്കാര്‍ ആവശ്യം നേരത്തെ തള്ളിയതാണ്. സംവരണേതര സമുദായങ്ങളിലെ പാവപ്പെട്ടവര്‍ക്ക് 10 ശതമാനം സംവരണം സര്‍ക്കാര്‍ നല്‍കിയെങ്കിലും കോടതി തടഞ്ഞു. തിരഞ്ഞെടുപ്പില്‍ ഹാര്‍ദിക് വിഭാഗത്തിന്റെ പിന്തുണ ഉറപ്പിക്കുന്നതിന് നിയമപരമായി നിലനില്‍ക്കുന്ന സാധ്യതകളാണ് പ്രതിപക്ഷമായ കോണ്‍ഗ്രസ് തേടുന്നത്. ഇതിനായി ചുമതലപ്പെട്ട കപില്‍ സിബല്‍ തയ്യാറാക്കിയ നിര്‍ദേശങ്ങളാണ് ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്.

ചര്‍ച്ചയില്‍ ഹാര്‍ദിക് പങ്കെടുത്തില്ല. അദ്ദേഹം നിയോഗിച്ച കണ്‍വീനര്‍ ദിനേശ് ബാംഭനിയയാണ് കപില്‍സിബലുമായി ചര്‍ച്ച നയിച്ചത്. നിലവിലെ 49 ശതമാനം സംവരണത്തില്‍ ഒരു മാറ്റവും വരുത്താനാവില്ലെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി. അതിനുപുറമെ സാധ്യമായ മൂന്നു നിര്‍ദേശങ്ങളാണ് കോണ്‍ഗ്രസ് ഉന്നയിച്ചതെന്ന് ബാംഭനിയ മാധ്യമങ്ങളോട് പറഞ്ഞു.
 
ബി.ജെ.പി. സര്‍ക്കാര്‍ നല്‍കിയതുപോലുള്ള ഇ.ബി.സി. സംവരണം സ്വീകാര്യമല്ലെന്ന നിലപാടാണ് ഇപ്പോള്‍ ഹാര്‍ദിക് വിഭാഗത്തിനുള്ളത്. രാജസ്ഥാനിലും മറ്റും പ്രക്ഷോഭം നടത്തിയ സമുദായങ്ങള്‍ക്ക് നല്‍കിയ പ്രത്യേക സംവരണത്തിന്റെ മാതൃകയും പരിഗണനയിലുണ്ട്. പട്ടേലുമാരുടെ ഉന്നതസമിതികളായ ഉമിയാധാം, ഖോദാല്‍ ധാം ട്രസ്റ്റുകളുമായും ആലോചിച്ചശേഷം ഹാര്‍ദിക് സംഘം കോണ്‍ഗ്രസ് നേതൃത്വത്തെ മറുപടി അറിയിക്കും. കൂടുതല്‍ ചര്‍ച്ചകള്‍ നടത്തുമെന്ന് കപില്‍ സിബലും വ്യക്തമാക്കി.

ഒ.ബി.സി. സംവരണത്തില്‍നിന്ന് ഹാര്‍ദിക് പിന്നാക്കംപോയാല്‍ അത് ബി.ജെ.പി. ആയുധമാക്കും. പട്ടേലുമാരിലെ ലുവ വിഭാഗത്തെ ഹാര്‍ദിക്കില്‍നിന്ന് അകറ്റാനുള്ള ശ്രമങ്ങള്‍ അവര്‍ ആരംഭിച്ചിരുന്നു. ഹാര്‍ദിക് കട്വ വിഭാഗക്കാരനാണ്. കോണ്‍ഗ്രസ് ഒ.ബി.സി.-ദളിത്-പട്ടേല്‍ വിഭാഗക്കാര്‍ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍ അവഗണിക്കപ്പെട്ട മുസ്ലിം വിഭാഗങ്ങളെ സ്വാധീനിക്കാനും ഭരണകക്ഷി ശ്രമിക്കുന്നു. ജമാല്‍പുരില്‍ കഴിഞ്ഞ ദിവസം മുഖ്യമന്ത്രി വിജയ് രൂപാണിക്ക് സ്വീകരണം നല്‍കാന്‍ ധാരാളം മുസ്ലിങ്ങളും എത്തിയത് മാറ്റത്തിന്റെ സൂചനയായി പാര്‍ട്ടി ചൂണ്ടിക്കാട്ടുന്നു.