അഹമ്മദാബാദ്: ഗുജറാത്തില്‍ സംവരണപ്രക്ഷോഭത്തെത്തുടര്‍ന്ന് ബി.ജെ.പി.യോട് മാനസികമായി അകന്ന പട്ടേല്‍സമുദായത്തെ പാര്‍ട്ടിയില്‍ ഉറപ്പിച്ചുനിര്‍ത്താന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടിറങ്ങി. സൂറത്തില്‍ തിങ്കളാഴ്ച അദ്ദേഹം പങ്കെടുത്ത രണ്ട് സ്വകാര്യ ഉദ്ഘാടനച്ചടങ്ങുകളും സ്വാധീനമുള്ള പട്ടേല്‍ സംരംഭകരുടേതായിരുന്നു.

സമസ്ത പട്ടീദാര്‍ ആരോഗ്യട്രസ്റ്റിന്റെ 400 കോടിരൂപ മുതല്‍മുടക്കുള്ള കിരണ്‍ മള്‍ട്ടി സ്‌പെഷ്യാലിറ്റി ആസ്​പത്രി മോദി ഉദ്ഘാടനം ചെയ്തു. പട്ടേല്‍ സംരംഭകര്‍ പണപ്പിരിവ് നടത്തി നിര്‍മിച്ച ഈ സ്ഥാപനത്തിന് 2013-ല്‍ തറക്കല്ലിട്ടത് അന്ന് മുഖ്യമന്ത്രിയായിരുന്ന മോദിതന്നെയാണ്. ട്രസ്റ്റിന്റെ പ്രസിഡന്റ് ലാല്‍ജി പട്ടേലാണ് പ്രധാനമന്ത്രി അമേരിക്കന്‍ സന്ദര്‍ശനവേളയില്‍ ധരിച്ച കോട്ട് 4.3 കോടി രൂപയ്ക്ക് മുമ്പ് ലേലത്തില്‍പ്പിടിച്ചത്.

സുഹൃത്തും പ്രമുഖ വജ്രവ്യാപാരിയുമായ സവജി ധൊലാക്കിയയുടെ പുതിയ വജ്രാഭരണകേന്ദ്രവും മോദി ഉദ്ഘാടനം ചെയ്തു. മകന്‍ ദ്രവ്യയെ ജീവിതം പഠിപ്പിക്കാനായി കാശൊന്നും നല്‍കാതെ കൊച്ചിയിലേക്ക് അയച്ച സവജി നേരത്തേത്തന്നെ വാര്‍ത്തകള്‍ സൃഷ്ടിച്ചിരുന്നു. ഇദ്ദേഹത്തിന്റെ ഹരേകൃഷ്ണ എക്‌സ്‌പോര്‍ട്‌സില്‍ ആയിരക്കണക്കിന് പട്ടേലുമാര്‍ ജോലിയെടുക്കുന്നുണ്ട്. സൗരാഷ്ട്രയിലെ പട്ടേല്‍ സമുദായക്കാരുടെ തൊഴില്‍ദാതാക്കളെന്ന നിലയില്‍ സ്വാധീനമുള്ള സംരംഭകരുടെ രണ്ട് ചടങ്ങുകളിലാണ് പ്രധാനമന്ത്രി സംബന്ധിച്ചത്.

യുവ പട്ടേല്‍നേതാവ് ഹര്‍ദിക് പട്ടേലിന്റെ നേതൃത്വത്തില്‍ 2015 ജൂലായിയില്‍ ആരംഭിച്ച സംവരണപ്രക്ഷോഭം ബി.ജെ.പി.ക്ക് വലിയ ക്ഷീണംവരുത്തിയിരുന്നു. ആ വര്‍ഷം പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് വര്‍ഷങ്ങള്‍ക്കുശേഷം തോല്‍വിപിണഞ്ഞു. മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേലിനെ മാറ്റി വിജയ് രൂപാണിയെ മുഖ്യമന്ത്രിയാക്കിയിട്ടും പ്രശ്‌നം തീര്‍ന്നില്ല.

കഴിഞ്ഞവര്‍ഷം സപ്തംബറില്‍ സൂറത്തില്‍ ദേശീയാധ്യക്ഷന്‍ അമിത് ഷായ്ക്ക് നല്‍കിയ സ്വീകരണപരിപാടി പട്ടേല്‍ യുവാക്കള്‍ കലക്കിയത് പാര്‍ട്ടിയെ ഞെട്ടിച്ചു. ഈ വര്‍ഷം നിയമസഭാതിരഞ്ഞെടുപ്പ് നടക്കാനിരിക്കെ ശ്രദ്ധയോടെ കരുക്കള്‍ നീക്കാനാണ് ബി.ജെ.പി.യുടെ ശ്രമം.

പ്രധാനമന്ത്രിക്ക് ഞായറാഴ്ച വൈകീട്ട് സൂറത്തില്‍ ലഭിച്ചത് വമ്പന്‍ സ്വീകരണമാണ്. ജനബാഹുല്യംമൂലം മോദിയുടെ വാഹനവ്യൂഹം 11 കിലോമീറ്റര്‍ദൂരം രണ്ടുമണിക്കൂര്‍കൊണ്ടാണ് പിന്നിട്ടത്. പട്ടേല്‍ സംവരണ സംരക്ഷണ സമിതിക്കാര്‍ അവരുടെ മേഖലകളില്‍ മോദിവിരുദ്ധ ചുവരെഴുത്തുകള്‍ നടത്തിയിരുന്നു. എങ്കിലും സ്വീകരണത്തിന്റെ പ്രഭകെട്ടില്ല. സമിതിക്കാരെയും കര്‍ഷകനേതാക്കളെയുമടക്കം ആയിരത്തോളംപേരെ നേരത്തേത്തന്നെ പോലീസ് കരുതലെന്നനിലയില്‍ തടഞ്ഞുവെക്കുകയും ചെയ്തു.

തിങ്കളാഴ്ച വജ്രാഭരണകേന്ദ്രത്തിന്റെ ഉദ്ഘാടനംകഴിഞ്ഞ് വിമാനത്താവളത്തിലേക്ക് വരുമ്പോള്‍ വഴിയില്‍ തന്റെ കാറിനടുത്തേക്ക് ഓടിവന്ന ഒരു നാലുവയസ്സുകാരിയോട് വാഹനം നിര്‍ത്തി വര്‍ത്തമാനം പറയുന്ന മോദിയുടെ ദൃശ്യം ഗുജറാത്തിലെ സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നുണ്ട്.