അഹമ്മദാബാദ്: ഹരിയാണയിലെ ജാട്ടുകള്‍ സമരംചെയ്ത് സംവരണം ഉറപ്പാക്കിയത് ഗുജറാത്തിലെ പട്ടേല്‍സമരത്തിന് ഇന്ധനമാകുന്നു.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി പട്ടേല്‍ യുവാക്കള്‍ നിരാഹാരത്തിലാണ്. സൂറത്ത്, ബോത്താദ്, അഹമ്മദാബാദ് എന്നിവിടങ്ങളില്‍ ബസ്സുകള്‍ക്കുനേരേ അക്രമമുണ്ടായി. സര്‍ക്കാര്‍ ചര്‍ച്ചയ്ക്കു തയ്യാറായിട്ടുണ്ട്.

പ്രശ്‌നം വീണ്ടും രൂക്ഷമായതോടെ പോര്‍ബന്തര്‍ എം.പി. വിത്തല്‍ രദാദിയയെ മധ്യസ്ഥനായി മുഖ്യമന്ത്രി ആനന്ദിബെന്‍ പട്ടേല്‍ നിയോഗിച്ചു. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ട് നാലുമാസമായി ജയിലില്‍ കഴിയുന്ന പട്ടേല്‍സംവരണ സമരസമിതി കണ്‍വീനര്‍ ഹാര്‍ദിക് പട്ടേലിനെ വിത്തല്‍ സന്ദര്‍ശിച്ചു. ഒത്തുതീര്‍പ്പായാല്‍ ഹര്‍ദിക്കിനും മറ്റു നേതാക്കള്‍ക്കുമെതിരായ രാജ്യദ്രോഹക്കുറ്റം ഒഴിവാക്കിയേക്കും. ആദ്യമായാണ് മുഖ്യമന്ത്രി ഹാര്‍ദിക് പട്ടേലുമായി ചര്‍ച്ചയ്ക്ക് ഒരു മധ്യസ്ഥനെ നിയോഗിക്കുന്നത്.

പട്ടേലുമാരുടെ ആത്മീയാസ്ഥാനമായ കോധാല്‍ദാം ട്രസ്റ്റിന്റെ ഭാരവാഹി ജയേഷ് പട്ടേലാണ് ഇതുവരെ ചര്‍ച്ചകള്‍ നടത്തിയിരുന്നത്. എന്നാല്‍, ഹാര്‍ദിക് പട്ടേലിനെ ഒഴിവാക്കി മറ്റു നേതാക്കളുമായിട്ടായിരുന്നു ചര്‍ച്ചകള്‍. ഹാര്‍ദിക് സൂറത്ത് ജയിലില്‍ നിരാഹാരം നടത്തിയത് ഇതില്‍ പ്രതിഷേധിച്ചാണെന്നു സൂചനയുണ്ട്.
 
നിരാഹാരത്തെ തുടര്‍ന്നാണ് സൂറത്തിലും ബോത്താദിലും ജി.എസ്.ആര്‍.ടി.സി. ബസ്സുകള്‍ പ്രക്ഷോഭകര്‍ കത്തിച്ചത്. ഹാര്‍ദിക് പട്ടേല്‍ നിരാഹാരം നിര്‍ത്തിയെങ്കിലും ചൊവ്വാഴ്ച രാത്രി അഹമ്മദാബാദിലെ വസ്ത്രാലില്‍ കോര്‍പ്പറേഷന്‍ ബസ്സുകള്‍ക്കുനേരേ കല്ലേറുണ്ടായി. ജാട്ട് സമരമാണ് പട്ടേലുമാരെ ഇപ്പോള്‍ പ്രചോദിപ്പിക്കുന്നത്.

പട്ടേലുമാര്‍ക്ക് ഒ.ബി.സി. സംവരണം നല്‍കാനാവില്ലെന്ന നിലപാടാണ് മുഖ്യമന്ത്രി ഇതുവരെ എടുത്തിട്ടുള്ളത്. നേതാക്കളെയെല്ലാം ജയിലിലിട്ട് സമരത്തെ അമര്‍ത്തുകയും ചെയ്തു. പക്ഷേ, പഞ്ചായത്ത് തിരഞ്ഞെടുപ്പുഫലം ബി.ജെ.പി.ക്ക് തിരിച്ചടിയായി. ചൊവ്വാഴ്ച വോട്ടെണ്ണിയ 27 മുനിസിപ്പാലിറ്റികളില്‍ പതിനഞ്ചിലും ബി.ജെ.പി. ജയിച്ചു.
 
എന്നാല്‍, ആറെണ്ണം മുമ്പത്തെക്കാള്‍ കുറഞ്ഞിട്ടുണ്ട്. മാത്രമല്ല, കോണ്‍ഗ്രസ് ജയിച്ച എട്ടില്‍ ആറും പട്ടേലുമാരുടെ സൗരാഷ്ട്രമേഖലയില്‍നിന്നാണ്. പട്ടേലുമാര്‍ക്കും ജാട്ടുകളെപ്പോലെ സംവരണം നല്‍കണമെന്ന് മധ്യസ്ഥന്‍ വിത്തല്‍ രദാദിയ പരസ്യപ്രഖ്യാപനം നടത്തിയതും ശ്രദ്ധേയമാണ്. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നൂറോളം യുവാക്കള്‍ നിരാഹാരസമരം നടത്തുന്നുണ്ടെന്ന് സമരസമതിവക്താവ് വരുണ്‍ പട്ടേല്‍ പറഞ്ഞു.

ഈ സാഹചര്യത്തില്‍ മറ്റു സമുദായങ്ങളെ പിണക്കാതെ പട്ടേല്‍സമരം ഒത്തുതീര്‍പ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സംസ്ഥാന ബജറ്റില്‍ 1000 കോടി രൂപ പട്ടേലുമാരുള്‍പ്പെടെ സംവരണേതരസമുദായങ്ങളിലെ വിദ്യാര്‍ഥികള്‍ക്കായി മാറ്റിവെച്ചു. മാര്‍ക്ക് 80 ശതമാനത്തില്‍ കൂടുതലും വീട്ടിലെ വാര്‍ഷികവരുമാനം ആറുലക്ഷം രൂപയില്‍ താഴെയുമായ കുട്ടികള്‍ക്ക് പഠനച്ചെലവ് സര്‍ക്കാര്‍ നല്‍കുന്നതാണ് പദ്ധതി. ആഗസ്ത് മാസത്തിലുണ്ടായതുപോലെ ഒരു കലാപത്തിലേക്ക് പട്ടേലുമാരെ തള്ളിവിടരുതെന്ന് ബി.ജെ.പി. കേന്ദ്രനേതൃത്വം സര്‍ക്കാറിനെ അറിയിച്ചിട്ടുണ്ട്.