ന്യൂഡല്‍ഹി: ഗുജറാത്തില്‍ പട്ടേല്‍ സമുദായത്തിന് സംവരണം എന്ന ആവശ്യത്തില്‍ തീരുമാനം അറിയിക്കാന്‍ കോണ്‍ഗ്രസിന് സമരസമിതി നേതാവ് ഹാര്‍ദിക് പട്ടേല്‍ നല്‍കിയ സമയപരിധി ചൊവ്വാഴ്ച അവസാനിക്കും. ഇതിനിടെ ഹാര്‍ദിക് പട്ടേലിന്റെ പ്രതിനിധിയുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍ ചര്‍ച്ച നടത്തി. പട്ടേല്‍ സമുദായത്തില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാമെന്ന ഉറപ്പ് കോണ്‍ഗ്രസ് ഹാര്‍ദിക് പട്ടേലിന് നല്‍കുമെന്നാണ് സൂചന.

പട്ടേല്‍ സമുദായത്തെ ഒ.ബി.സി. പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം നല്‍കണമെന്നാണ് ഹാര്‍ദിക് പട്ടേലിന്റെയും സംഘത്തിന്റെയും ആവശ്യം. എന്നാല്‍, സവര്‍ണവിഭാഗമായി കണക്കാക്കപ്പെടുന്ന പട്ടേല്‍ സമുദായത്തിന് പിന്നാക്ക സംവരണം നല്‍കുക പ്രായോഗികമല്ല. ഇതിന് നിയമതടസ്സങ്ങളുമുണ്ട്. പട്ടേല്‍ വിഭാഗത്തെ പിന്നാക്ക പട്ടികയില്‍ ഉള്‍പ്പെടുത്തിയാല്‍ നിലവില്‍ ഒ.ബി.സി. പട്ടികയിലുള്ളവര്‍ എതിരാകുമെന്ന ഭീതിയും കോണ്‍ഗ്രസിനുണ്ട്.

പട്ടേല്‍ വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം നല്‍കാമെന്നും ഇതിന് നിയമപരമായ തടസ്സങ്ങളുണ്ടാവില്ലെന്നും കപില്‍ സിബല്‍ വ്യക്തമാക്കിയതായാണ് സൂചന. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ സിബല്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിയെയും ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെയും ധരിപ്പിച്ചിട്ടുണ്ട്. കോണ്‍ഗ്രസ് ഹൈക്കമാന്‍ഡായിരിക്കും അന്തിമതീരുമാനം എടുക്കുക.

സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന പട്ടേല്‍ സമുദായക്കാര്‍ക്ക് സംവരണം എന്ന വാഗ്ദാനം ഹാര്‍ദിക് പട്ടേലും സംവരണപ്രക്ഷോഭകരും അംഗീകരിക്കുമെന്നും നിയമസഭാ തിരഞ്ഞെടുപ്പില്‍ പരസ്യപിന്തുണ പ്രഖ്യാപിക്കുമെന്നുമാണ് കോണ്‍ഗ്രസ് പ്രതീക്ഷിക്കുന്നത്.

തങ്ങള്‍ അധികാരത്തിലെത്തിയാല്‍ പട്ടീദാര്‍ പ്രക്ഷോഭകര്‍ക്കെതിരേ നടന്ന പോലീസ് അതിക്രമങ്ങളെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക സംഘത്തെ നിയോഗിക്കാമെന്നും കപില്‍ സിബല്‍ ഹാര്‍ദിക് പട്ടേലിന്റെ പ്രതിനിധിക്ക് ഉറപ്പുനല്‍കിയതായി അറിയുന്നു. അതേസമയം, ചര്‍ച്ചയെക്കുറിച്ച് കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.