ന്യൂഡൽഹി: പാസ്പോർട്ട് ലഭിക്കാൻ വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടെന്ന് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ്. വിവാഹമോചനം നേടിയ സ്ത്രീകൾ അപേക്ഷാ ഫോറത്തിൽ മുൻ ഭർത്താവിന്റെയൊ, മുൻവിവാഹത്തിലെ കുട്ടികളുടെയൊ പേരുകൾ എഴുതേണ്ടെന്നും മന്ത്രി പറഞ്ഞു. പാസ്പോർട്ട് സേവാദിനത്തിൽ നടന്ന ചടങ്ങിൽ പ്രസംഗിക്കുകയായിരുന്നു മന്ത്രി.

വിവാഹ സർട്ടിഫിക്കറ്റ് ഹാജരാക്കാൻ പാസ്പോർട്ട് ഓഫീസുകൾ നിർബന്ധിക്കുകയാണെന്ന് വ്യാപകമായി പരാതി ഉയർന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു. മുൻ ഭർത്താവിന്റെയും മുൻ വിവാഹത്തിലെ കുട്ടികളുടെയും പേരുകൾ എഴുതണമെന്ന നിബന്ധനയ്ക്കെതിരേ വിവാഹമോചനം നേടിയ ഒട്ടേറെ സ്ത്രീകളും പരാതിപ്പെട്ടു. അതിനാൽ ഈ മാനദണ്ഡവും നീക്കുകയാണെന്ന് മന്ത്രി പറഞ്ഞു.

പാസ്പോർട്ടിന് അപേക്ഷിച്ച മിശ്രവിവാഹിതരായ ദമ്പതിമാരെ ലഖ്നൗ പാസ്പോർട്ട്സേവാ കേന്ദ്രത്തിലെ ഉദ്യോഗസ്ഥർ അപമാനിച്ച സംഭവം അടുത്തിടെ വിവാദമായിരുന്നു.

പാസ്പോർട്ട് ലഭിക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുന്നതിനായി മൊബൈൽ ആപ്ലിക്കേഷൻ മന്ത്രി പുറത്തിറക്കി. ‘പാസ്പോർട്ട് സേവ’ എന്ന ആപ്പ് ഉപയോഗിച്ച് രാജ്യത്തിന്റെ ഏതു ഭാഗത്തുനിന്നും പാസ്പോർട്ടിനുള്ള അപേക്ഷ സമർപ്പിക്കാം. ആപ്പിൽ നൽകുന്ന വിലാസത്തിൽ പോലീസ് വെരിഫിക്കേഷൻ നടത്തും. ഈ വിലാസത്തിലേക്കാവും പാസ്പോർട്ട് അയയ്ക്കുക.