ന്യൂഡല്‍ഹി: പാസ്‌പോര്‍ട്ട് ലഭിക്കുന്നതിന് പോലീസ് വെരിഫിക്കേഷന്‍ സമ്പ്രദായം ഇല്ലാതാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു. ഒരു വര്‍ഷത്തിനകം പുതിയ സംവിധാനം കൊണ്ടുവരാനാണ് നീക്കം. പോലീസുകാര്‍ നേരിട്ടെത്തി നടത്തുന്ന പരിശോധനയ്ക്കുപകരം വിവര സാങ്കേതികവിദ്യയുടെ സഹായത്തോടെ കുറ്റകൃത്യങ്ങളെയും കുറ്റവാളികളെയും സംബന്ധിച്ച വിവരങ്ങളടങ്ങുന്ന ദേശീയ ഡേറ്റാബേസുമായി ബന്ധിപ്പിച്ച് വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമാക്കുന്ന സംവിധാനമാണ് വിഭാവനം ചെയ്യുന്നത്.

ക്രൈം ആന്‍ഡ് ക്രിമിനല്‍ ട്രാക്കിങ് നെറ്റ്വര്‍ക്ക് ആന്‍ഡ് സിസ്റ്റം പ്രോജക്ട് (സി.സി.ടി.എന്‍.എസ്) എന്ന സംവിധാനം വിദേശകാര്യ മന്ത്രാലയത്തിന്റെ പാസ്‌പോര്‍ട്ട് വിഭാഗവുമായി ബന്ധിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്. ഇതിലൂടെ പാസ്‌പോര്‍ട്ട് അപേക്ഷകള്‍ക്ക് ഓണ്‍ലൈന്‍ വെരിഫിക്കേഷന്‍ സാധ്യമാക്കാനാണ് ലക്ഷ്യമിടുന്നതെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി രാജീവ് മെഹ്രിഷി അറിയിച്ചു.

ചില സംസ്ഥാനങ്ങളില്‍ പോലീസ് ഇപ്പോള്‍തന്നെ സി.സി.ടി.എന്‍.എസ്. സംവിധാനം ഉപയോഗപ്പെടുത്തുന്നുണ്ട്. ഒരപേക്ഷന്റെ വിവരങ്ങള്‍ മനസ്സിലാക്കാന്‍ പോലീസിന് കൈയില്‍ കൊണ്ടുനടക്കാന്‍ കഴിയുന്ന ഒരുപകരണം നല്‍കും. അപേക്ഷകനെ സംബന്ധിച്ച എല്ലാ വിവരങ്ങളും നെറ്റ് വര്‍ക്കില്‍ അപ്ലോഡ് ചെയ്തിരിക്കും. അപേക്ഷകരും പോലീസും തമ്മില്‍ നേരിട്ടുള്ള ഇടപഴകല്‍ പരമാവധി കുറയ്ക്കുക എന്നതാണ് ലക്ഷ്യം.

സി.സി.ടി.എന്‍.എസ്. പദ്ധതിപ്രകാരമുള്ള ഡിജിറ്റല്‍ പോലീസ് പോര്‍ട്ടല്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ്‌സിങ് ഉദ്ഘാടനം ചെയ്തു. രാജ്യത്തെ 15,398 പോലീസ് സ്റ്റേഷനുകളെ ബന്ധിപ്പിച്ചുകൊണ്ട് കുറ്റവാളികളെക്കുറിച്ചും കുറ്റകൃത്യങ്ങളെക്കുറിച്ചുമുള്ള ദേശീയ വിവരശൃംഖല ഉണ്ടാക്കുന്നതിനാണ് ഈ പദ്ധതി.