മുംബൈ: തിരഞ്ഞെടുപ്പിൽ ഇനി മത്സരിക്കുന്നില്ലെന്ന പ്രഖ്യാപനം എൻ.സി.പി. നേതാവ് ശരദ് പവാർ ഒരിടവേളയ്ക്കുശേഷം പിൻവലിച്ചേക്കും.

അദ്ദേഹത്തെ വീണ്ടും മാധ മണ്ഡലത്തിൽ മത്സരിപ്പിക്കാൻ ഒരുങ്ങുകയാണ് പാർട്ടി. കഴിഞ്ഞദിവസം പുണെയിലെ ബാരാമതിയിൽ ചേർന്ന എൻ.സി.പി. ഉന്നതനേതാക്കളുടെ യോഗത്തിലാണ് തീരുമാനമുണ്ടായത്. ശരദ് പവാറിനെ കൂടാതെ ജയന്ത് പാട്ടീൽ, ഛഗൻ ഭുജ്ബൽ, മാധയെ നിലവിൽ പ്രതിനിധാനംചെയ്യുന്ന ലോക്‌സഭാംഗം വിജയ്‌സിങ് മോഹിതെ പാട്ടീൽ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ആർക്കും ഭൂരിപക്ഷം കിട്ടാതെ വന്നാൽ ബി.ജെ.പി.യെ അകറ്റിനിർത്തുക എന്ന കൂട്ടായ തീരുമാനത്തിൽ ശരദ് പവാറിനുള്ള പ്രധാനമന്ത്രിപദ സാധ്യത നഷ്ടപ്പെടാതിരിക്കുക എന്നതാണ് പാർട്ടിലക്ഷ്യം. തന്റെ സ്ഥിരംമണ്ഡലമായ ബാരാമതി മകൾ സുപ്രിയ സുലെയ്ക്ക് വിട്ടുകൊടുത്ത ശരദ് പവാർ 2009-ൽ മാധയിൽ സ്ഥാനാർഥിയായപ്പോൾ തിരഞ്ഞെടുക്കപ്പെട്ടത് വൻ ഭൂരിപക്ഷത്തോടെയാണ്. മണ്ഡലം രൂപവത്കരിച്ച് ഒരുവർഷത്തിനുശേഷമായിരുന്നു ഈ തിരഞ്ഞെടുപ്പ്.

എന്നാൽ, 2014-ലെ തിരഞ്ഞെടുപ്പിൽനിന്ന് പവാർ വിട്ടുനിന്നപ്പോൾ എൻ.സി.പി. സ്ഥാനാർഥിയായ വിജയ്സിങ് മോഹിതെ പാട്ടീൽ വിജയിച്ചത് കാൽലക്ഷത്തോളം വോട്ടുകൾക്കാണ്. ഈ മണ്ഡലത്തിൽ ഇത്തവണ അദ്ദേഹത്തിന്റെ മകൻ രഞ്ജിത് സിങ് മോഹിതെപാട്ടീലിനെ മത്സരിപ്പിക്കാനും താത്‌പര്യമുണ്ടായിരുന്നു. പാർട്ടിയുടെ ഔദ്യോഗിക തീരുമാനം ഇതുവരെ പുറത്തുവന്നിട്ടില്ല.

Content Highlights: Sharad Pawar, Madha