ന്യൂഡൽഹി: സാമൂഹികമാധ്യമങ്ങളും ഓൺലൈൻ വാർത്തകളും ദുരുപയോഗം ചെയ്യുന്നത് എങ്ങനെ തടയാമെന്നു വിശദീകരിക്കാൻ വെള്ളിയാഴ്ച ഹാജരാകണമെന്നാവശ്യപ്പെട്ട് പാർലമെന്ററി സമിതി ട്വിറ്റർ അധികൃതർക്ക് സമൻസ് അയച്ചു. വെള്ളിയാഴ്ച വൈകുന്നേരം നാലിനുമുമ്പ് സമിതിക്കുമുമ്പാകെ ഹാജരാകാനാണു നിർദേശം.

ട്വിറ്റർ പ്രതിനിധികളുടെ അഭിപ്രായങ്ങൾ കേട്ടശേഷം ഡിജിറ്റൽലോകത്ത് പൗരന്മാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനും സ്ത്രീസുരക്ഷ ഉറപ്പാക്കാനും സ്വീകരിക്കേണ്ട നടപടികളെക്കുറിച്ച് വിദഗ്ധരുടെ വാദങ്ങൾ സമിതി പരിഗണിക്കും.

ചട്ടങ്ങൾ പാലിക്കുന്നതിൽനിന്ന് ട്വിറ്ററിനെ തടയുന്ന കാരണങ്ങൾ കണ്ടെത്താൻ ശ്രമിക്കുമെന്ന് സമിതിയിലെ അംഗത്തെ ഉദ്ധരിച്ച് എ.എൻ.ഐ. റിപ്പോർട്ടുചെയ്തു. നേരത്തേയും വിവിധ വിഷയങ്ങളിൽ ട്വിറ്ററിന് സമിതി സമൻസ് അയച്ചിരുന്നു.