17-ാം ലോക്‌സഭയുടെ ആദ്യസമ്മേളനം ജൂൺ ആറുമുതൽ 15 വരെ ചേരുമെന്ന് സൂചന. വ്യാഴാഴ്ച നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ മന്ത്രിസഭയുടെ സത്യപ്രതിജ്ഞയ്ക്കുശേഷം വെള്ളിയാഴ്ച നടക്കുന്ന ആദ്യമന്ത്രിസഭാ യോഗത്തിലായിരിക്കും ഇതു സംബന്ധിച്ച അന്തിമതീരുമാനം. അംഗങ്ങളുടെ സത്യപ്രതിജ്ഞ, സ്പീക്കറുടെ തിരഞ്ഞെടുപ്പ് എന്നിവയാണ് ആദ്യ സമ്മേളനത്തിന്റെ പ്രധാന കാര്യപരിപാടികൾ.

സമ്മേളനത്തിന്റെ ആദ്യദിവസം രാഷ്ട്രപതിയുടെ നയപ്രഖ്യാപനപ്രസംഗം നടക്കും. പാർലമെന്റിന്റെ സെൻട്രൽ ഹാളിൽ ഇരുസഭകളുടെയും സംയുക്ത യോഗത്തിലായിരിക്കും രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ നയപ്രഖ്യാപനം. തുടർന്ന് പ്രോട്ടം സ്പീക്കറെ തിരഞ്ഞെടുക്കും. പ്രോട്ടം സ്പീക്കറുടെ അധ്യക്ഷതയിലായിരിക്കും പുതിയ ലോക്‌സഭാംഗങ്ങളുടെ സത്യപ്രതിജ്ഞ. ജൂൺ 10-നായിരിക്കും സ്പീക്കറുടെ തിരഞ്ഞെടുപ്പ്.

11-ന്‌ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിനുള്ള നന്ദിപ്രമേയം ചർച്ചയ്ക്കെടുക്കും. ദിവസങ്ങൾ നീണ്ടുനിൽക്കുന്ന ചർച്ചയ്ക്കുശേഷം പ്രധാനമന്ത്രി നരേന്ദ്രമോദി മറുപടി നൽകും.

Content highlights: Parliament session will begin from June 6