ന്യൂഡൽഹി: വാട്‌സാപ്പിന്റെ പുതിയ സ്വകാര്യതാനയത്തിലും സേവനനിബന്ധനകളിലും ആശങ്ക ഉയർന്നതിനുപിന്നാലെ മാതൃ കമ്പനിയായ ഫെയ്സ്ബുക്കിന്റെ അധികൃതരെ വിളിച്ചുവരുത്താൻ ഐ.ടി. പാർലമെന്ററി സമിതിയുടെ ആലോചന. സമിതി ഇക്കാര്യം അനൗപചാരികമായി ചർച്ചചെയ്തതായും വിഷയം ഏറ്റെടുക്കുമെന്നും ബന്ധപ്പെട്ട വൃത്തങ്ങൾ പറഞ്ഞു.
വാട്‌സാപ്പ് കഴിഞ്ഞയാഴ്ച പുറത്തിറക്കിയ സ്വകാര്യതാനയപ്രകാരം ഉപയോക്താവിന്റെ വിവരങ്ങൾ മാതൃകമ്പനിയായ ഫെയ്സ്ബുക്കിന് നിർബന്ധിതമായി കൈമാറണം. ഫെയ്സ്ബുക്ക് 2016-ൽ വാട്‌സാപ്പിനെ ഏറ്റെടുത്തതുമുതൽ ഈ വിവരകൈമാറ്റം നിലവിലുണ്ടെങ്കിലും നിർബന്ധമായിരുന്നില്ല.
കോൺഗ്രസ് എം.പി. ശശി തരൂരിന്റെ നേതൃത്വത്തിലുള്ള സമിതിക്ക് ട്വിറ്ററിനെയും വിളിച്ചുവരുത്താൻ ആലോചനയുണ്ട്. ഇതിനുള്ള തീയതി നിശ്ചയിച്ചിട്ടില്ലെങ്കിലും വേഗത്തിൽത്തന്നെ ഉണ്ടായേക്കുമെന്ന് സമിതിവൃത്തങ്ങൾ പറഞ്ഞു. കമ്പനി പ്രതിനിധികൾ ഹാജരായി തങ്ങൾ ഇടനിലക്കാരാണോ അതോ വിവരങ്ങളുടെ പ്രസാധകരോ എന്ന കാര്യം വ്യക്തമാക്കേണ്ടി വരുമെന്നാണറിയുന്നത്.
ക്യാപ്പിറ്റോളിലെ അക്രമത്തിനുപിന്നാലെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അക്കൗണ്ട് ട്വിറ്റർ സ്വമേധയാ റദ്ദാക്കിയ വിഷയം സമിതിയിൽ ബി.ജെ.പി. എം.പി. നിഷികാന്ത് ദുബെയും കോൺഗ്രസ് എം.പി. കാർത്തി ചിദംബരവും ഉയർത്തി. ഇവർ ഇടനിലക്കാർമാത്രമാണെങ്കിൽ എങ്ങനെയാണ് ഏകപക്ഷീയമായി അക്കൗണ്ട് റദ്ദാക്കുകയെന്നും ഇന്ന് ഡൊണാൾഡ് ട്രംപെങ്കിൽ നാളെ മറ്റുവല്ലവരുമാവുമെന്നും ഇവർ ചൂണ്ടിക്കാട്ടി.
വാട്‌സാപ്പ് സന്ദേശങ്ങൾ എൻഡ് ടു എൻഡ് എൻക്രിപ്റ്റഡ് ആണെങ്കിൽ എങ്ങനെയാണിവ മറ്റൊരാൾക്ക് നൽകുന്നതെന്ന് തൃണമൂൽ എം.പി. മൊഹുവ മെയ്ത്രയും ചോദിച്ചു. വിവരങ്ങൾ മറ്റുള്ളവർക്ക് കൈമാറുന്നുവെങ്കിൽ ഇന്ത്യാസർക്കാരിനും നൽകണമെന്ന ഇവരുടെ ആവശ്യം മറ്റംഗങ്ങളും അംഗീകരിച്ചു. ആധാറുമായി ബന്ധപ്പെട്ട വിഷയം നോഡൽ ഏജൻസിയിൽനിന്ന് ശേഖരിക്കാൻ ചൊവ്വാഴ്ച യോഗംചേർന്നപ്പോഴാണ് വാട്‌സാപ്പിന്റെ സ്വകാര്യതാനയം ചർച്ചയായത്.