ന്യൂഡൽഹി: രാജ്യത്തെ ചിട്ടിഫണ്ടുകളെ നിയന്ത്രിക്കുന്നതിനുള്ള വ്യവസ്ഥകളടങ്ങിയ ചിട്ടിഫണ്ട് ഭേദഗതി ബിൽ രാജ്യസഭയും പാസാക്കി. ലോക്‌സഭ നേരത്തേ പാസാക്കിയ ബില്ലിൽ രാഷ്ട്രപതി ഒപ്പിടുന്നതോടെ നിയമമാവും. ധനകാര്യ സഹമന്ത്രി അനുരാഗ് സിങ് ഠാക്കൂറാണ് ബിൽ അവതരിപ്പിച്ചത്.

വ്യക്തികളും മൂന്നുപേർവരെയുള്ള സംഘങ്ങളും നടത്തുന്ന ചിട്ടിയുടെ കൂടിയതുക ഒരു ലക്ഷത്തിൽനിന്ന് നാലുലക്ഷം രൂപയായും നാലുപേർക്കുമുകളിലുള്ള സംഘങ്ങളോ സ്ഥാപനങ്ങളോ നടത്തുന്ന ചിട്ടിയുടെ കൂടിയ തുക ആറുലക്ഷത്തിൽനിന്ന് 18 ലക്ഷം രൂപയായും ഉയർത്തി. കമ്മിഷൻ അഞ്ചുശതമാനത്തിൽനിന്ന് ഏഴു ശതമാനമായും വർധിപ്പിച്ചിട്ടുണ്ട്.

ഭേദഗതി യഥാർഥപ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിനു പര്യാപ്തമല്ലെന്ന് ബില്ലിന്റെ ചർച്ചയിൽ സി.പി.എം. അംഗം കെ.കെ. രാഗേഷ് പറഞ്ഞു. ചിട്ടി ഫണ്ട് ഡിപ്പോസിറ്റിന്മേൽ ഇൻഷുറൻസ് കൊണ്ടുവരാൻ ബില്ലിൽ വ്യവസ്ഥചെയ്യണം. ഓൺലൈൻ ചിട്ടി ഇടപാടുകൾ നിയമത്തിന്റെ പരിധിയിൽ വരുമോ എന്ന് ബില്ലിൽ വ്യക്തമല്ല -അദ്ദേഹം പറഞ്ഞു.