ന്യൂഡൽഹി: ലോക്‌സഭയിൽ തിങ്കളാഴ്ച നന്ദിപ്രമേയചർച്ചയിൽ തിളച്ചുമറിഞ്ഞത് ബംഗാൾ രാഷ്ട്രീയം. നിയമസഭാ തിരഞ്ഞെടുപ്പടുത്ത പശ്ചാത്തലത്തിൽ ബി.ജെ.പി-ടി.എം.സി. അംഗങ്ങൾ ഏറ്റുമുട്ടി. ബഹളമുയർത്തിയും ക്രമപ്രശ്നങ്ങളുന്നയിച്ചും പരസ്പരം ചർച്ച തടസ്സപ്പെടുത്തിയപ്പോൾ ഇരുപക്ഷത്തിനും വീറും വാശിയുമേറി.

നന്ദിപ്രമേയചർച്ച തുടങ്ങിയ ബി.ജെ.പി. അംഗം ലോക്കറ്റ് ചാറ്റർജിയും പ്രതിപക്ഷത്തുനിന്ന് ചർച്ചയ്ക്ക് തുടക്കമിട്ട കോൺഗ്രസ് സഭാനേതാവ് അധീർരഞ്ജൻ ചൗധരിയും ടി.എം.സി.യുടെ മഹുവാമൊയ്‌ത്രയും ബംഗാളുകാർ. റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ നടന്ന അക്രമങ്ങൾ ബി.ജെ.പി. സർക്കാരിന്റെ ഗൂഢാലോചനയാണെന്ന് അധീർ ആരോപിച്ചതോടെ ചർച്ച ദേശീയ വിഷയങ്ങളെയും ചൂടുപിടിപ്പിച്ചു.

ഡൽഹിയിൽ കർഷകസമരത്തെ അപലപിക്കുന്ന ടി.എം.സി. പത്തുവർഷമായി ബംഗാളിൽ ഉയരുന്ന കർഷകരുടെ കരച്ചിൽ കേൾക്കുന്നില്ല എന്ന് ആരോപിച്ചുകൊണ്ടായിരുന്നു ലോക്കറ്റ് ചാറ്റർജി ചർച്ച തുടങ്ങിയത്. ബംഗാളിൽ കോവിഡ് പ്രതിരോധമരുന്നിന്റെ കാര്യത്തിൽപോലും രാഷ്ട്രീയം കളിക്കുകയാണ്. മുഖ്യമന്ത്രി മമതാ ബാനർജി വർഗീയതയെ താലോലിക്കുന്നതിനാൽ ബംഗാളിന്റെ ചില ഭാഗങ്ങൾ മിനി പാകിസ്താനാണെന്നും ടി.എം.സി. അംഗങ്ങളുടെ പ്രതിഷേധത്തിനിടയിൽ ലോക്കറ്റ് ആരോപിച്ചു. ലോക്കറ്റ് ചാറ്റർജി മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയെക്കുറിച്ചു നടത്തിയ പരാമർശത്തെക്കുറിച്ച് കോൺഗ്രസ് അംഗം ഹൈബി ഈഡൻ ക്രമപ്രശ്നം ഉന്നയിച്ചു. പരിശാധിക്കാമെന്ന് സ്പീക്കർ മറുപടി നൽകി.

റിപ്പബ്ലിക് ദിനത്തിൽ ചെങ്കോട്ടയിൽ ആക്രമണം നടന്നത് കേന്ദ്രസർക്കാരിന്റെ ഗൂഢാലോചനയാണെന്ന് പ്രതിപക്ഷത്തുനിന്ന് ചർച്ച തുടങ്ങിയ അധീർ രഞ്ജൻ ചൗധരി ആരോപിച്ചു. ശക്തമായ സുരക്ഷാസന്നാഹങ്ങൾ മറികടന്ന് അക്രമികൾ എങ്ങനെയാണ് ചെങ്കോട്ടയിൽ എത്തിയത്? സംയുക്ത പാർലമെന്ററി സമിതി പരിശോധന നടത്തട്ടെ. അക്രമം കേന്ദ്രസർക്കാർ ആസൂത്രണംചെയ്തതാണ്. കർഷകരുടെ വേഷമണിഞ്ഞ നിങ്ങളുടെ ആളുകളാണ് അക്രമംനടത്തിയതെന്ന് അധീർ ആരോപിച്ചു.

ബാലാകോട്ട് വ്യോമാക്രമണത്തിന്റെ വിവരങ്ങൾ ചില മാധ്യമങ്ങൾക്ക് ചോർന്നുകിട്ടിയതെങ്ങനെയെന്നും അധീർ ചോദിച്ചു. ടി.ആർ.പി. കുംഭകോണവും ബാലാകോട്ട് വ്യോമാക്രമണവും തമ്മിലുള്ള ബന്ധം അന്വേഷിക്കണം. ഔദ്യോഗിക രഹസ്യനിയമത്തിന്റെ നഗ്നമായ ലംഘനമാണ് നടന്നിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

പ്രധാനമന്ത്രി നരേന്ദ്രമോദി, ആഭ്യന്തരമന്ത്രി അമിത് ഷാ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങ്ങിയവർ ചർച്ചാവേളയിൽ സഭയിലുണ്ടായിരുന്നു.

Content Highlights: Parliament Bengal politics