ന്യൂഡൽഹി: രാജ്യത്ത് പൊതുപരീക്ഷകൾ തുടങ്ങുന്നതിനു മുമ്പേ വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കും അധ്യാപകർക്കും വിജയമന്ത്രവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. പരീക്ഷകൾ മുന്നോട്ടുള്ള യാത്രയിലെ പടവുകൾ മാത്രമാണെന്നും മാർക്കല്ല ജീവിതത്തിന്റെ ഭാവി നിശ്ചയിക്കുന്നതെന്നും എന്നാൽ, ദൗർഭാഗ്യവശാൽ നാം മാർക്കിലാണ് വളരെയധികം പ്രതീക്ഷ പുലർത്തുന്നതെന്നും പ്രധാനമന്ത്രി പറഞ്ഞു. വിദ്യാർഥികളിൽ സമ്മർദരഹിത ചിന്താശീലം വളർത്തിയെടുക്കുന്നതിന്റെ ഭാഗമായുള്ള പ്രധാനമന്ത്രിയുടെ പ്രശസ്തമായ പരിപാടിയായ ‘പരീക്ഷാ പേ ചർച്ച’യിൽ ബുധനാഴ്ച ഓൺലൈനിലൂടെ സംവദിക്കുകയായിരുന്നു അദ്ദേഹം.

സമ്മർദവും ഉത്കണ്ഠയും ഇല്ലാതെ പരീക്ഷയെ സമീപിക്കാനും കോവിഡ് മഹാമാരിയെ ജീവിതത്തിൽ നേട്ടമുണ്ടാക്കാനുള്ള അവസരമാക്കാനുമടക്കം ആഹ്വാനം ചെയ്താണ് പ്രധാനമന്ത്രി ചർച്ച അവസാനിപ്പിച്ചത്. വിദ്യാർഥികളും അധ്യാപകരും രക്ഷിതാക്കളും ചോദിച്ച ചോദ്യങ്ങൾക്ക് പ്രധാനമന്ത്രി നൽകിയ ഉത്തരങ്ങളുടെ ചുരുക്കം ചുവടെ:

  • കോവിഡ് കാരണം വിദ്യാർഥികൾക്ക് ഒരു വർഷം നഷ്ടപ്പെട്ടെങ്കിലും മഹാമാരി ഒട്ടേറെ പാഠങ്ങളും പഠിപ്പിച്ചു. ഒട്ടേറെ അടിസ്ഥാന കാര്യങ്ങളുടെ യഥാർഥമൂല്യം അവർ മനസ്സിലാക്കി. വിദ്യാലയം അധ്യാപകരും ചങ്ങാതിമാരുമായും സംവദിക്കാനും ഓർമകൾ സൃഷ്ടിക്കാനുമുള്ള സ്ഥലമാണ്. കൊറോണയ്ക്കു മുമ്പുള്ള ആ ലോകം നിങ്ങൾക്കു നഷ്ടപ്പെട്ടു. ഒന്നും നിസ്സാരമായി കാണരുത്. നിങ്ങളുടെ കുടുംബത്തെ നന്നായി മനസ്സിലാക്കാനും കൊറോണ കാരണമായി. കൊറോണ കുടുംബങ്ങളെ ഒരുമിപ്പിച്ചു.
  • എല്ലാ സമ്മർദങ്ങളും പരീക്ഷാ ഹാളിനു പുറത്തുവെക്കുക. സമ്മർദം ഒഴിവാക്കാനുള്ള മാർഗങ്ങൾ എക്സാം വാരിയർ പുസ്തകത്തിലും നമോ ആപ്പിലും ഉണ്ട്.
  • ഓർമശക്തി അധികമില്ലെന്ന് കരുതാതിരിക്കുക. എങ്ങനെയാണ് മാതൃഭാഷ പഠിച്ചത്. ഒന്നിന്റെ ഭാഗമായി പഠിച്ചാൽ ഒന്നും മറന്നുപോവില്ല. ശ്രദ്ധ വിടാതെ, മറ്റുള്ള കാര്യങ്ങൾ ഓർക്കാതെ, അലിഞ്ഞു ചേർന്ന്, ഉള്ളിലറിഞ്ഞ്, മറ്റു കാര്യങ്ങളുമായി പാഠങ്ങളെ ബന്ധപ്പെടുത്തി, മനസ്സിൽ ചിത്രീകരിച്ച് പഠിക്കുക -ഓർമശക്തിയുടെ മൂർച്ച കൂട്ടാം.
  • പാരമ്പര്യ ഭക്ഷണങ്ങളുടെ പ്രത്യേകത കുട്ടികളെ പഠിപ്പിക്കുക. പഴങ്ങളുടെയും പച്ചക്കറികളുടെയും ഗുണങ്ങൾ രക്ഷിതാക്കൾ ബോധ്യപ്പെടുത്തുക. ഭക്ഷണമെങ്ങനെയാണ് പാകം ചെയ്യുന്നതെന്നും അതിനെത്ര സമയമെടുക്കുന്നുവെന്നും അവരുടെ ചോറ്റുപാത്രത്തിൽ എന്തൊക്കെ ഘടകങ്ങൾ ഉണ്ടെന്നും പോഷകസമൃദ്ധമായ ഭക്ഷണം നിരത്താൻ എത്ര അധ്വാനിച്ചു എന്നും അറിയിക്കുക. അപ്പോൾ അവർ നല്ല ഭക്ഷണത്തെ ഇഷ്ടപ്പെടും.
  • നിങ്ങൾക്കുമുന്നിൽ ഒട്ടേറെ കരിയർ അവസരങ്ങളുണ്ട്. മുന്നോട്ടുള്ള വഴികൾ കാണാൻ കണ്ണുകൾ തുറന്നുവെക്കുക. നിങ്ങളുടെ സ്വപ്നം കണ്ടെത്തുക. അതിനായി പ്രയത്നിക്കുക.

Content Highlights:  Pariksha Pe Charcha 2021: Exam a perfect opportunity to tighten yourself up, says PM