ന്യൂഡൽഹി: അസം-മിസോറം അതിർത്തിയിൽ നിഷ്പക്ഷമായ കേന്ദ്രപോലീസ് സേനയെ വിന്യസിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയം അറിയിച്ചു.

ബുധനാഴ്ച കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ഭല്ലയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ അസം ചീഫ് സെക്രട്ടറി ജിഷ്ണു ബറുവ, ഡയറക്ടർ ജനറൽ ഓഫ്‌ പോലീസ് ഭാസ്കർ ജ്യോതി മഹന്ത, മിസോറം പ്രതിനിധികളായി ലാൽനുൻമാവിയ ചുവാങ്കോ, എസ്.ബി.കെ. സിങ് എന്നിവർ പങ്കെടുത്തു. നിഷ്പക്ഷ സുരക്ഷാസേനയെ വിന്യസിക്കാൻ ഇരു സംസ്ഥാനങ്ങളും സമ്മതിച്ചതായി യോഗത്തിനുശേഷം ആഭ്യന്തര മന്ത്രാലയം അറിയിച്ചു. കേന്ദ്ര സായുധ പോലീസ് സേനയായ സി.‌എ.പി.എഫിനായിരിക്കും സുരക്ഷാചുമതല.

അതിർത്തിപ്രശ്നം സൗഹാർദപരമായി പരിഹരിക്കുന്നതിന് ഇരു സർക്കാരുകളും പരസ്പരചർച്ച തുടരണമെന്നും ആഭ്യന്തര സെക്രട്ടറി അസം, മിസോറം പ്രതിനിധികളെ അറിയിച്ചു. ഇരുസംസ്ഥാനങ്ങളും തമ്മിലുള്ള അതിർത്തിസംഘർഷം പരിഹരിക്കാൻ ചീഫ് സെക്രട്ടറിമാരെയും പോലീസ് മേധാവികളെയും കേന്ദ്ര ആഭ്യന്തര മന്ത്രാലയം നേരത്തേ ഡൽഹിയിലേക്ക് വിളിപ്പിച്ചിരുന്നു. അന്തഃസംസ്ഥാന അതിർത്തിയിലെ സ്ഥിതി നിലവിൽ സമാധാനപരമാണെന്നും സമാധാനം നിലനിർത്താൻ എല്ലാവരും ശ്രമിക്കുമെന്നും യോഗത്തിൽ രണ്ടുസംസ്ഥാനങ്ങളും സമ്മതിച്ചു.