paramanand
പരമാനന്ദ്| ഫോട്ടോ: സാബു സ്‌കറിയ

ന്യൂഡൽഹി: ‘പാപിയായ ചർച്ചിലിനോടുപറയൂ, കച്ചവടത്തിനുവന്നവർ ഇന്ത്യ വിട്ടുപോകാൻ’ എന്ന് കവിതയെഴുതിയ കുറ്റംകൂടി അധികമായി ചുമത്തപ്പെട്ടതോടെ, പരമാനന്ദ് യാദവിന്റെ നെഞ്ചിലേക്ക് രണ്ടിനുപകരം മൂന്ന്‌ വെടിയുതിർക്കാനായിരുന്നു ബ്രിട്ടീഷ് ഭരണകൂടത്തിന്റെ ഉത്തരവ്. നേതാജി സുഭാഷ് ചന്ദ്രബോസ് നയിച്ച ഇന്ത്യൻ നാഷണൽ ആർമിയുടെ (ഐ.എൻ.എ.) പോരാളി പതറിയില്ല. രാജ്യം നേതാജിയുടെ 125-ാം ജന്മശതാബ്ദിയാഘോഷിക്കുമ്പോൾ അദ്ദേഹത്തോടൊപ്പമുള്ള പരമാനന്ദിന്റെ ധീരസ്മരണകൾ 101-ാം വയസ്സിലും കത്തിജ്വലിക്കുന്നു.

നേതാജിക്കൊപ്പം ഐ.എൻ.എ.യിൽ പോരാടിയതിൽ ഇന്ന് ജീവിച്ചിരിക്കുന്ന അപൂർവം സേനാനികളിലൊരാളാണ് ഹരിയാണയിലെ ഫാറൂഖ്‌നഗർ സ്വദേശി പരമാനന്ദ്. 1940-ൽ ഗുഡ്ഗാവിലെ ഫസ്റ്റ് റെജിമെന്റ് ആർമിയിൽ ചേരുമ്പോൾ 20 വയസ്സായിരുന്നു പരമാനന്ദിന്. അംബാലയിലും കറാച്ചിയിലും പരിശീലനത്തിനുശേഷം രണ്ടാംലോകമഹായുദ്ധത്തിൽ ബ്രിട്ടീഷ് പടയ്ക്കുവേണ്ടി ജപ്പാനെതിരേ പോരാടാൻ സിങ്കപ്പൂരിലെത്തി. അവിടെവെച്ച് ജപ്പാന്റെ യുദ്ധവിമാനങ്ങൾ ബ്രിട്ടീഷ് സേനാതാവളം ആക്രമിച്ചശേഷം പരമാനന്ദ് ഉൾപ്പെടെയുള്ളവരെ തടവിലാക്കി.

ബ്രിട്ടീഷുകാർക്കെതിരേ പോരാടാൻ സഹായിക്കാമെന്ന ജപ്പാന്റെ വാഗ്ദാനം ഏറ്റെടുത്ത് പരമാനന്ദും സംഘവും ഐ.എൻ.എ.യിൽ ചേർന്നത് വഴിത്തിരിവായി. പരമാനന്ദ് ഉൾപ്പെടുന്ന ബഹാദൂർ റെജിമെന്റിന് രഹസ്യാന്വേഷണജോലിയാണ് നേതാജി നൽകിയത്. ഒന്നിലേറെത്തവണ കണ്ടിട്ടുള്ള നേതാജിക്ക് തന്നോട് വലിയ സ്നേഹമായിരുന്നെന്ന് പരമാനന്ദ് ഓർക്കുന്നു. സഹപ്രവർത്തകരുടെ വീര്യമുണർത്താൻ ഇടയ്ക്കിടെ ദേശഭക്തിഗാനങ്ങളെഴുതി ആലപിക്കുമായിരുന്നു. 1943-ൽ നേതാജി പങ്കെടുത്ത ചടങ്ങിൽ അദ്ദേഹത്തിന് സ്വാഗതമരുളിക്കൊണ്ട് ആലപിച്ച കവിത ബ്രിട്ടീഷുകാരുടെ കാതിലുമെത്തി.

പിന്നീട്, ചാരപ്രവർത്തനം നടത്തിയതിന് അറസ്റ്റിലായി ജയിലിൽ കഴിയവേ ക്രൂരമായ പീഡനമേൽക്കേണ്ടിവന്നു. ബ്രിട്ടീഷ് സൈനികകോടതിയുടെ വിചാരണയിൽ പരമാനന്ദിന് വധശിക്ഷ വിധിക്കവേ, കവിതയെഴുതിയ കുറ്റം അധികമായി ചുമത്തി. കൂട്ടുപ്രതികളുടെ നെഞ്ചിലേക്ക് രണ്ടും പരമാനന്ദിനുനേരെ മൂന്നും വെടിയുതിർക്കാനായിരുന്നു കല്പന. പക്ഷേ, ഇപ്പോഴത്തെ ചെങ്കോട്ടയിലുള്ള കോടതിയിൽനടന്ന അന്തിമവിചാരണയിൽ പരമാനന്ദും കൂട്ടരും മോചിതരായി.

ഹൈസ്കൂൾ വിദ്യാഭ്യാസമുണ്ടായിരുന്ന പരമാനന്ദിന് ഹിന്ദി, ഇംഗ്ലീഷ്, ഉറുദു, പഞ്ചാബി ഭാഷകളറിയാം. ഉറുദുവിലും കവിതകളെഴുതിയിരുന്നു. നൂറുവയസ്സ് പിന്നിട്ടെങ്കിലും ഇപ്പോഴും പുലർച്ചെ നാലിന് എഴുന്നേൽക്കുന്ന ചിട്ടയുള്ള ജീവിതം. 2019-ലെ റിപ്പബ്ലിക് ദിനത്തിൽ, പരമാനന്ദ് ഉൾപ്പെടെ നാല് ഐ.എൻ.എ. സമരഭടൻമാരെ രാജ്യം ആദരിച്ചു. ഐ.എൻ.എ. ഓർമകൾ മനസ്സിലെത്തുമ്പോഴെല്ലാം പ്രായാധിക്യത്തിലും പതറാത്ത ശബ്ദത്തിൽ പരമാനന്ദ് ഉറക്കെപ്പാടും... “പാപി ചർച്ചിൽ സേ ഭീ കഹ്‌ദോ, ലോ ചോഡ്‌ദേ ഹിന്ദ് കോ...’ (പാപിയായ ചർച്ചിലിനോട് പറയൂ, ഇന്ത്യ വിട്ടുപോകാൻ) ജയ് ഹിന്ദ്.”

content highlights: paramanand yadav -101 year old man who worked with subhash chandrabose in ina