ന്യൂഡൽഹി: പന്തീരാങ്കാവ് മാവോവാദിക്കേസിലെ പ്രതികളായ താഹ ഫസൽ, അലൻ ഷുഹൈബ് എന്നിവരുടെ ജാമ്യവുമായി ബന്ധപ്പെട്ട കേസിൽ വാദം പൂർത്തിയായതിനെത്തുടർന്ന് സുപ്രീംകോടതി ഉത്തരവിനായി മാറ്റി. കക്ഷികൾക്ക് അധികവാദങ്ങളുണ്ടെങ്കിൽ തിങ്കളാഴ്ചയ്ക്കകം എഴുതിനൽകാൻ ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് അനുമതി നൽകി.

പ്രതികൾ നിരോധിതസംഘടനയിലെ അംഗങ്ങളാണെന്ന എൻ.ഐ.എ. വാദത്തിന്റെ അടിസ്ഥാനത്തിൽ യു.എ.പി.എ. നിയമവുമായി ബന്ധപ്പെട്ട സങ്കീർണതകൾ സുപ്രീംകോടതി ചൂണ്ടിക്കാട്ടി. എൻ.ഐ.എ.യുടെ വാദം അംഗീകരിച്ചാൽ, ഒരാൾ ഭീകരസംഘടനയിൽ അംഗമാവുകമാത്രം ചെയ്താൽ ജീവപര്യന്തം ശിക്ഷ ലഭിക്കുമെന്നിരിക്കെ സംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചവർക്ക് അഞ്ചുവർഷത്തെ തടവുമാത്രമായിരിക്കും ലഭിക്കുകയെന്ന് സുപ്രീംകോടതി പറഞ്ഞു.

പ്രതികൾ ബാനറുകളും നോട്ടീസുകളും തയ്യാറാക്കുകയും ആളുകളോട് യോഗത്തിനെത്താൻ ആവശ്യപ്പെടുകയും അതിന്റെ മിനുട്‌സ് എഴുതിവെക്കുകയുമെല്ലാം ചെയ്തുവെന്ന് എൻ.ഐ.എ. വാദിച്ചു. തമാശയ്ക്കുവേണ്ടി ആരും യോഗം ചേരില്ല. ഇതെല്ലാം ഭീകരസംഘടനയ്ക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളാണെന്നും എൻ.ഐ.എ. പറഞ്ഞു.

എന്നാൽ, യുവാക്കൾ വിവിധ ആശയങ്ങളിൽ ആകൃഷ്ടരാകുന്നത് സ്വാഭാവികമാണെന്നും പ്രതികൾ ഭീകരസംഘടനയ്ക്കുവേണ്ടി പ്രവർത്തിച്ചതിന് തെളിവില്ലെന്നും പ്രതിഭാഗം വാദിച്ചു.