വാഷിങ്ടൺ: കോവിഡിൽ രക്ഷകർത്താക്കളെ നഷ്ടപ്പെട്ടത് ഇന്ത്യയിലെ 1.19 ലക്ഷം കുട്ടികൾക്കെന്ന് പഠനം. 25,500 കുട്ടികൾക്ക് അമ്മയേയും 90,751 പേർക്ക് അച്ഛനേയും നഷ്ടപ്പെട്ടു. 12 പേർക്ക് ഇരുവരേയും നഷ്ടമായതായും പഠനം ചൂണ്ടിക്കാട്ടുന്നു. 2898 കുട്ടികൾക്ക് തങ്ങളുടെ രക്ഷകർത്താക്കളായ മുത്തശ്ശി, മുത്തശ്ശന്മാരിൽ ഒരാളെയും ഒമ്പതുപേർക്ക് ഇരുവരേയും നഷ്ടമായി.

21 രാജ്യങ്ങളിലായി 150 കോടി കുട്ടികളുടെ രക്ഷകർ‌ത്താക്കൾ കോവിഡ് ബാധിച്ച് മരിച്ചതായി ലാൻസെറ്റിൽ പ്രസിദ്ധീകരിച്ച പഠനം വ്യക്തമാക്കുന്നു. യു.എസിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓൺ ഡ്രഗ് അബ്യൂസും (എൻ.ഐ.ഡി.എ.) ദേശീയ ആരോഗ്യ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നാണ് പഠനം നടത്തിയത്. പെറുവാണ് പട്ടികയിൽ മുന്നിലുള്ള രാജ്യം. ദക്ഷിണാഫ്രിക്ക, ബ്രസീൽ, കൊളംബിയ, മെക്സിക്കോ, റഷ്യ, യു.എസ്. രാജ്യങ്ങളും രക്ഷിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ എണ്ണത്തിൽ ഇന്ത്യയെക്കാൾ മുന്നിലാണ്.

ഉറ്റവരെ നഷ്ടപ്പെട്ടതു കുട്ടികളെ മാനസികപ്രശ്നങ്ങളിലേക്ക് നയിക്കാമെന്നും മയക്കുമരുന്ന് ഉപയോഗം ഉൾപ്പെടെയുള്ളവയിൽനിന്നും ഇവരെ തടയാൻ കൃത്യമായ നടപടികൾ ആവശ്യമാണെന്നും എൻ.ഐ.ഡി.എ. ഡയറക്ടർ നോറ ഡി. വോൽക്കോ പറഞ്ഞു.