ന്യൂഡൽഹി: അഫ്ഗാനിസ്താനിൽ ഭരണം പിടിച്ചെടുത്ത താലിബാനെ, ശനിയാഴ്ച നടക്കേണ്ടിയിരുന്ന വിദേശമന്ത്രിമാരുടെ സമ്മേളനത്തിൽ പങ്കെടുപ്പിക്കണമെന്ന പാകിസ്താന്റെ ആവശ്യം സാർക് കൂട്ടായ്മ തള്ളി.

ഐക്യരാഷ്ട്രസഭയിൽ അഫ്ഗാനിസ്താൻ സർക്കാരിനെ പ്രതിനിധാനം ചെയ്തിരുന്ന ഗുലാം ഇസാക് സായിയെ സമ്മേളനത്തിൽ പങ്കെടുപ്പിക്കുകയില്ലെന്ന് രേഖാമൂലം ഉറപ്പുനൽകണമെന്നും പാകിസ്താൻ ആവശ്യപ്പെട്ടിരുന്നു. സാർക് അധ്യക്ഷപദവിയിലുള്ള നേപ്പാൾ ഈ ആവശ്യവും നിരസിച്ചു. യു.എൻ. പൊതുസഭാ സമ്മേളനത്തിന് അനുബന്ധമായാണ് സാർക് മന്ത്രിതലസമ്മേളനം കൂടാനിരുന്നത്. പാകിസ്താന്റെ ആവശ്യങ്ങളോട് സാർക് അംഗരാഷ്ട്രങ്ങൾക്കിടയിൽ ഏകാഭിപ്രായമുണ്ടാക്കാനായില്ലെന്നും തുടർന്ന് തള്ളുകയായിരുന്നുവെന്നും നേപ്പാൾ അധികൃതർ അറിയിച്ചു. ഇതോടെ ദക്ഷിണേഷ്യയിലെ എട്ടു രാജ്യങ്ങൾ അംഗങ്ങളായ സാർക്കിന്റെ വിദേശമന്ത്രിമാരുടെ സമ്മേളനം മാറ്റിവെച്ചു.

ഇന്ത്യ, ബംഗ്ളാദേശ്, ഭൂട്ടാൻ, മാലദ്വീപ്, നേപ്പാൾ, പാകിസ്താൻ, ശ്രീലങ്ക, അഫ്ഗാനിസ്താൻ എന്നിവയാണ് സാർക് അംഗരാജ്യങ്ങൾ. താലിബാൻ ഭരണകൂടത്തെ അന്താരാഷ്ട്ര തലത്തിൽ ഇതുവരെ അംഗീകരിച്ചിട്ടില്ലാത്ത സാഹചര്യത്തിൽ പാകിസ്താന്റെ ആവശ്യം അംഗീകരിക്കാനാവില്ലെന്നായിരുന്നു മറ്റ് അംഗരാജ്യങ്ങളുടെയെല്ലാം നിലപാട്. ഇടനിലക്കാരായി നിന്നുകൊണ്ട് താലിബാന്റെ പിന്തുണ ഉറപ്പാക്കാനുള്ള പാകിസ്താന്റെ നീക്കം തുറന്നുകാട്ടപ്പെടുകയും ചെയ്തു.

ന്യൂയോർക്കിൽ നടക്കുന്ന ഐക്യരാഷ്ട്രസഭാ പൊതുസമ്മേളനത്തിൽ പങ്കെടുക്കാൻ അനുമതി തേടിക്കൊണ്ട് താലിബാൻ യു.എൻ. സെക്രട്ടറി ജനറലിന് കത്തെഴുതിയിട്ടുണ്ട്. പുതിയ അംബാസഡറായി ദോഹ ആസ്ഥാനമായി പ്രവർത്തിക്കുന്ന വക്താവ് സുഹെയ്ൽ ഷഹീനെ നാമനിർദേശം ചെയ്തിട്ടുമുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അനുമതി സംശയാസ്പദമാണെന്നാണ് യു.എൻ. കേന്ദ്രങ്ങൾ തന്നെ പറയുന്നത്. എന്തായാലും യു.എൻ. അംഗീകാരം അന്താരാഷ്ട്രതലത്തിൽ സ്ഥാനമുറപ്പിക്കാനുള്ള അഫ്ഗാനിസ്താൻറെ ശ്രമങ്ങളിൽ നിർണായകമാണ്.