ന്യൂഡൽഹി: ബാലാകോട്ടിൽ ഇന്ത്യൻസൈന്യം നടത്തിയ ആക്രമണത്തെത്തുടർന്നു നാലരമാസത്തിലേറെയായി അടച്ചിട്ടിരുന്ന വ്യോമപാത ചൊവ്വാഴ്ച ഉച്ചയ്ക്ക് പാകിസ്താൻ തുറന്നു നൽകി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.41-നാണ് തങ്ങളുടെ വ്യോമപാതയിലൂടെ പറക്കുന്നതിന് എല്ലാ വിമാനക്കമ്പനികൾക്കും പാകിസ്താൻ അനുമതി നൽകിയത്. തീരുമാനത്തെ ഇന്ത്യ സ്വാഗതം ചെയ്തു.

ഇന്ത്യയിൽനിന്നു യൂറോപ്പിലേക്കും യു.എസിലേക്കുമുള്ള അന്താരാഷ്ട്ര സർവീസുകൾ ഈ വ്യോമപാതയിലൂടെയായിരുന്നു. വിലക്കു വന്നതോടെ വിമാനസർവീസുകൾ പുനഃക്രമവത്കരിക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. എയർ ഇന്ത്യക്കു പുറമെ ഇന്ത്യയിൽനിന്നു സർവീസ് നടത്തുന്ന സ്വകാര്യ വിമാനക്കന്പനികളെയും വിലക്കു കാര്യമായി ബാധിച്ചു. അന്താരാഷ്ട്രസർവീസുകൾ വഴിമാറ്റിവിടുകവഴി ജൂലായ് രണ്ടുവരെ ഏകദേശം 491 കോടി രൂപയുടെ നഷ്ടമാണ് എയർ ഇന്ത്യക്ക് ഉണ്ടായത്. വിലക്കു മാറ്റിയത് കമ്പനിക്ക് വലിയ ആശ്വാസമാകും.

ഫെബ്രുവരി 26-നു ബാലാകോട്ടിൽ ഭീകരസംഘടനയായ ജെയ്ഷെ മുഹമ്മദിന്റെ പരിശീലനകേന്ദ്രം ഇന്ത്യൻ വ്യോമസേന ആക്രമിച്ചിരുന്നു. ഫെബ്രുവരി 14-നു നടന്ന പുൽവാമ ഭീകരാക്രമണത്തിനു തിരിച്ചടിയായിട്ടായിരുന്നു ഇത്. അതിനുശേഷം കിഴക്കൻ മേഖലയിലൂടെ കടന്നുപോകുന്ന രണ്ടു വ്യോമപാതകൾ മാത്രമാണു പാകിസ്താൻ തുറന്നു നൽകിയിരുന്നത്. ബാലാകോട്ട് ആക്രമണത്തെത്തുടർന്ന് ഇന്ത്യയും തങ്ങളുടെ വ്യോമപാത അടച്ചിട്ടിരുന്നു. മേയ് 31-ന് ഇത് നീക്കി. അതിർത്തിയിലെ വ്യോമതാവളങ്ങളിൽനിന്നു ഇന്ത്യ പോർവിമാനങ്ങൾ മാറ്റാതെ വ്യോമപാതയിലെ നിരോധനം പിൻവലിക്കില്ലെന്നു പാകിസ്താൻ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. എന്നാൽ, ചൊവ്വാഴ്ച അപ്രതീക്ഷിതമായി വിലക്കു നീക്കുകയായിരുന്നു.

വിമാനസർവീസുകൾ ഉടൻ സാധാരണനിലയിലായേക്കുമെന്ന് എയർ ഇന്ത്യ അധികൃതർ സൂചിപ്പിച്ചു. വിലക്കു നീക്കിയതോടെ ന്യൂഡൽഹിയിൽ നിന്നും യു.എസിലേക്കുള്ള പ്രവർത്തനച്ചെലവ്(ഒരു ദിശയിൽ) 20 ലക്ഷം രൂപയായും യൂറോപ്പിലേക്കുള്ളത് അഞ്ചുലക്ഷം രൂപയായും ചുരുങ്ങുമെന്നും അവർ വ്യക്തമാക്കി. പാകിസ്താന്റെ നടപടി വിമാനയാത്രികർക്കു വലിയ ആശ്വാസമാകുമെന്ന് വ്യോമയാനമന്ത്രാലയം ട്വീറ്റുചെയ്തു.

Content Highlights: pakistan opens their airspace