ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ സിഖ് യുവാക്കളെ പാകിസ്താന്‍ ഉപയോഗിക്കുന്നുവെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വെളിപ്പെടുത്തല്‍. അവര്‍ക്ക് പാകിസ്താനില്‍വെച്ച് ഐ.എസ്.ഐ. പരിശീലനം നല്‍കുന്നുണ്ടെന്നും മന്ത്രാലയം പാര്‍ലമെന്ററി സമിതിയെ അറിയിച്ചു. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് തിങ്കളാഴ്ച മന്ത്രാലയം പാര്‍ലമെന്റില്‍ സമര്‍പ്പിച്ചിരുന്നു.

ബി.ജെ.പി. നേതാവ് മുരളീമനോഹര്‍ ജോഷി അധ്യക്ഷനായ എസ്റ്റിമേറ്റ്‌സ് സമിതി മുമ്പാകെയാണ് ആഭ്യന്തര സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള മന്ത്രാലയ ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയത്. കാനഡയടക്കമുള്ള രാജ്യങ്ങളില്‍ താമസമാക്കിയ സിഖുകാരും ഇന്ത്യക്കെതിരേ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്റര്‍നെറ്റിലൂടെയും സാമൂഹികമാധ്യമങ്ങളിലൂടെയുമാണ് അവര്‍ യുവാക്കളെ ഭീകരപ്രവര്‍ത്തനങ്ങളിലേക്കെത്തിക്കുന്നത്. അതൊരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. രാജ്യത്തുനടക്കുന്ന ചാവേറാക്രമണങ്ങള്‍ മറ്റൊരു വെല്ലുവിളിയാണെന്നും അവര്‍ പറഞ്ഞു.

'തങ്ങളുടെ പദ്ധതികള്‍ പഞ്ചാബില്‍നിന്ന് ഇന്ത്യയിലെ മറ്റിടങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന ഐ.എസ്.ഐ.യുടെ ആവശ്യത്തെത്തുടര്‍ന്ന് പാക് ഭീകരസംഘടനകളുടെ കമാന്‍ഡര്‍മാര്‍ സമ്മര്‍ദത്തിലാണ്. ജയില്‍വാസികള്‍, തൊഴിലില്ലാത്ത യുവാക്കള്‍, കുറ്റവാളികള്‍, മയക്കുമരുന്നു കടത്തുകാര്‍ എന്നിവരെയാണ് ഭീകരാക്രമണങ്ങള്‍ നടത്താന്‍ പാകിസ്താന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഖ് ഭീകരസംഘടനകള്‍ ലക്ഷ്യംവെയ്ക്കുന്നതെന്ന് ചോദ്യംചെയ്യലിലും അന്വേഷണത്തിലും തെളിഞ്ഞു.
 
പ്രശ്‌നബാധിതമേഖലയില്‍നിന്നുള്ള ജനങ്ങളെയും അവര്‍ ലക്ഷ്യംവയ്ക്കുന്നു. യൂറോപ്പ്, യു.എസ്., കാനഡ എന്നിവിടങ്ങളില്‍ താമസിക്കുന്നവരെ തെറ്റിദ്ധരിപ്പിക്കുകയും ഭീകരപ്രവര്‍ത്തനങ്ങളിലേക്ക് കൊണ്ടുവരുകയും ചെയ്യുന്നു. പക്ഷേ, കേന്ദ്ര-സംസ്ഥാന ഏജന്‍സികള്‍ ഈ നീക്കങ്ങള്‍ നിരീക്ഷിക്കുന്നുണ്ട്. ആവശ്യമുള്ള സമയത്ത് അവര്‍ നടപടികള്‍ സ്വീകരിക്കുന്നുമുണ്ട്.'- പാര്‍ലമെന്റില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

ഭീകരസംഘടനകളായ ലഷ്‌കറെ തൊയ്ബ, ജെയ്‌ഷെ മുഹമ്മദ്, ഇന്ത്യന്‍ മുജാഹിദ്ദീന്റെ ഒരുവിഭാഗം എന്നീ സംഘടനകളിലാണ് അന്വേഷണ ഏജന്‍സികള്‍ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഇസ്!ലാമിക് സ്റ്റേറ്റും (ഐ.എസ്.) അല്‍-ഖായിദയും പുതിയ വെല്ലുവിളികള്‍ ഉയര്‍ത്തുന്നുണ്ടെന്നും മന്ത്രാലയം സമിതിയെ അറിയിച്ചു.

ഇടതുതീവ്രവാദവും ആഭ്യന്തരസുരക്ഷയ്ക്ക് ഭീഷണിയുയര്‍ത്തുന്നുണ്ടെന്ന് മന്ത്രാലയം വ്യക്തമാക്കി. 2004 സെപ്റ്റംബറില്‍ രൂപവത്കരിക്കപ്പെട്ടതുമുതല്‍ സി.പി.ഐ.(മാവോയിസ്റ്റ്)യാണ് ഇടതുതീവ്രവാദ സംഘടനകളില്‍ ഏറ്റവും ശക്തമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.