ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട പാകിസ്താൻ ഭീകരനെ പിടികൂടിയെന്ന് ഡൽഹി പോലീസ്. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മിനഗറിൽനിന്ന് മുഹമ്മദ് അഷ്‌റഫ് എന്നയാളാണ് അറസ്റ്റിലായത്. ഇയാളെ 14 ദിവസത്തെ പോലീസ് കസ്റ്റഡിയിൽ വിട്ടു. യു.എ.പി.എ. അടക്കമുള്ള വകുപ്പുകളനുസരിച്ച് കേസെടുത്തെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ 15 കൊല്ലമായി അഷ്റഫ് വ്യാജമേൽവിലാസത്തിൽ ഇന്ത്യയിൽ കഴിയുകയായിരുന്നു.

ശാസ്ത്രിപാർക്ക് മേഖലയിൽ അലി അഹമ്മദ് നൂരി എന്ന വ്യാജപേരിലായിരുന്നു താമസം. ഉത്തരേന്ത്യയിൽ നവരാത്രി മഹോത്സവം നടക്കുന്നതിനാൽ ഐ.എസ്.ഐ. ചുമതലപ്പെടുത്തിയതുപ്രകാരം ഭീകരാക്രമണം നടത്താനായിരുന്നു പദ്ധതിയെന്ന് ഡെപ്യൂട്ടി പോലീസ് കമ്മിഷണർ പ്രമോദ് സിങ് കുശ്വാ മാധ്യമങ്ങളോടു പറഞ്ഞു. എ.കെ-47 തോക്ക്, ഒരു ഗ്രനേഡ്, രണ്ടു ചൈനീസ് നിർമിത പിസ്റ്റളുകൾ, വെടിയുണ്ടകൾ, ഇന്ത്യൻ പാസ്പോർട്ട്, വ്യാജ ഇന്ത്യൻ തിരിച്ചറിയൽരേഖകൾ എന്നിവ പോലീസ് റെയ്ഡിൽ പിടിച്ചെടുത്തു.

2004-ൽ പാകിസ്താനിലെ സിയാൽകോട്ടിൽ ഐ.എസ്.ഐ. ഏജന്റ് നാസറിൽനിന്ന് ഇയാൾ ആയുധപരിശീലനം നേടി. പശ്ചിമബംഗാളിലെ സിലിഗുഡി അതിർത്തിവഴി ഇന്ത്യയിലേക്ക്‌ പ്രവേശിച്ച മുഹമ്മദ് അഷ്‌റഫ്, 2006 വരെ അജ്മേറിൽ കഴിഞ്ഞു. അവിടെ ഒരു മൗലവിയുമായി സൗഹൃദമുണ്ടാക്കി. അയാൾക്കൊപ്പം പിന്നീട് ഡൽഹിക്കു തിരിച്ചു. മൗലവിയുടെ ബന്ധുവെന്നനിലയിൽ തിരിച്ചറിയൽ രേഖയുണ്ടാക്കി വെസ്റ്റേൺ യൂണിയൻ മണി ട്രാൻസ്ഫർ വഴി ഇയാൾ ഐ.എസ്.ഐ.യിൽനിന്ന് പണം സ്വീകരിച്ചിരുന്നതായും ഡൽഹി പോലീസ് പറഞ്ഞു. ജമ്മു-കശ്മീരിൽ അടക്കം വിവിധ ഭാഗങ്ങളിൽനടന്ന ഭീകരാക്രമണങ്ങളിൽ മുഹമ്മദ് അഷ്‌റഫിനു പങ്കുണ്ടെന്നു സംശയിക്കുന്നതായും അന്വേഷണം പുരോഗമിക്കുന്നതായും പോലീസ് അറിയിച്ചു.