ന്യൂഡൽഹി: രാജ്യത്തെ വിവിധ നഗരങ്ങളിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട ആറുപേർ അറസ്റ്റിൽ. ഇവരിൽ രണ്ടുപേർ പാകിസ്താനിൽ പരിശീലനം ലഭിച്ചവരാണെന്ന് ഡൽഹി പോലീസ് അറിയിച്ചു. പ്രത്യേക അന്വേഷണവിഭാഗം ചൊവ്വാഴ്ച രാജസ്ഥാൻ, ഡൽഹി, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നടത്തിയ തിരച്ചിലിലാണ് ഇവർ പിടിയിലായത്. സ്ഫോടകവസ്തുക്കളും വെടിക്കോപ്പുകളും ഇറക്കുമതി ചെയ്ത ഇറ്റാലിയൻ തോക്കുകളും വെടിയുണ്ടകളും കണ്ടെടുത്തതായി ഡൽഹി പോലീസ് പ്രത്യേക സെൽ കമ്മിഷണർ നീരജ് ഠാക്കൂർ പറഞ്ഞു.

ആളുകൾ കൂടുന്ന ഉത്സവങ്ങൾ ലക്ഷ്യംവെച്ചാണ് സംഘം സ്ഫോടനങ്ങൾ ആസൂത്രണം ചെയ്തതെന്ന് പോലീസ് അറിയിച്ചു. ഡൽഹി, ഉത്തർപ്രദേശ്, മഹാരാഷ്ട്ര എന്നിവിടങ്ങളിലും രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിലുമാണ് പ്രധാനമായും ആക്രമണത്തിന് പദ്ധതിയിട്ടത്. രാഷ്ട്രീയ നേതാക്കളെ ലക്ഷ്യംവെച്ചിരുന്നോ എന്നത് തള്ളിക്കളയാനാവില്ലെന്നും പരിശോധന പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു.

ഒസാമ എന്ന സമി (22-ജാമിയ നഗർ, ഡൽഹി), സീഷാൻ കമർ (28- അലഹബാദ്, യു.പി.) എന്നിവരാണ് പാകിസ്താനിൽ പരിശീലനം ലഭിച്ചവർ. പാക് ചാര സംഘടനയായ ഐ.എസ്.ഐ.യുടെ നിർദേശാനുസരണമാണ് ഇവരുടെ പ്രവർത്തനം. ജാൻ മുഹമ്മദ് ഷേക്ക് (47- മഹാരാഷ്ട്ര), ലാല എന്ന മൂൽചന്ദ് (47- റായ്ബറേലി, യു.പി.), മുഹമ്മദ് അബൂബക്കർ (23-ബഹ്‌റൈച്ച്, യുപി., ഇപ്പോൾ ഡൽഹി), മുഹമ്മദ് അമീർ ജാവേദ് (36-ലഖ്്‌നൗ) എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

കേന്ദ്ര ഏജൻസികളിൽനിന്ന് ലഭിച്ച വിവരത്തിന്റെയടിസ്ഥാനത്തിൽ രാജസ്ഥാനിലെ കോട്ടയിൽനിന്ന് ജാൻ മുഹമ്മദ് ഷേക്കിനെയാണ് ആദ്യം കസ്റ്റഡിയിലെടുത്തത്. ഇയാളിൽനിന്ന് കിട്ടിയ വിവരത്തിന്റെയടിസ്ഥാനത്തിൽ ഡൽഹിയിൽനിന്ന് ഒസാമയും മുഹമ്മദ് അബൂബക്കറും പിടിയിലായി. ഉത്തർ പ്രദേശിൽനിന്ന് ബാക്കിയുള്ളവരെയും കസ്റ്റഡിയിലെടുത്തു. സംസ്ഥാന പോലീസിന്റെ സഹായവും ഇതിനായി തേടി.

അധോലോക നായകൻ ദാവൂദ് ഇബ്രാഹിമിന്റെ സംഘമാണ് ഇവർക്ക് സാമ്പത്തികസഹായം നൽകിയിരുന്നതെന്ന് പോലീസ് സൂചിപ്പിച്ചു. ദാവൂദിന്റെ സഹോദരൻ അനീസ് ഇബ്രാഹിമിന്റെ സഹായത്തോടെ മസ്കറ്റിലെത്തിയ ശേഷമാണ് 14 ദിവസത്തെ പരിശീലനത്തിനായി ഭീകരർ പാകിസ്താനിലേക്കു പോയത്. മസ്കറ്റിൽ ബംഗ്ലാ സംസാരിക്കുന്ന പതിനഞ്ചോളം പേർ ഉണ്ടായിരുന്നതായും പിടിയിലായവർ പോലീസിന് മൊഴി നൽകി.