ന്യൂഡല്‍ഹി: സഞ്ജയ് ലീല ബന്‍സാലിയുടെ 'പദ്മാവതി' സിനിമയുടെ റിലീസ് സ്റ്റേ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി തള്ളി.
 
എല്ലാ വശങ്ങളും പരിശോധിച്ചാണ് സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഫിലിം സര്‍ട്ടിഫിക്കേഷന്‍ സിനിമകള്‍ക്ക് അനുമതിപത്രം നല്‍കുന്നതെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ എ.എം. ഖാന്‍വില്‍കര്‍, ഡി.വൈ. ചന്ദ്രചൂഢ് എന്നുവരുള്‍പ്പെട്ട ബെഞ്ച് പറഞ്ഞു.

സിദ്ധരാജ്‌സിന്‍ഹ് എം. ചുദാസമയും 11 പേരും ചേര്‍ന്ന് നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു കോടതി.

'പദ്മാവതി' സിനിമ സംബന്ധിച്ച പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് സമിതി രൂപവത്കരിക്കുന്നത് പരിഗണിക്കുകയാണെന്ന് രാജസ്ഥാന്‍ സര്‍ക്കാര്‍ പറഞ്ഞു. രാജ്പുത് സമുദായനേതാക്കളും വിവിധ സംഘടനകളും സിനിമക്കെതിരേ രംഗത്തുവന്ന സാഹചര്യത്തിലാണിത്.
 
ചരിത്രവസ്തുതകളെ ബന്‍സാലി വളച്ചൊടിച്ചെന്നാണ് ആരോപണം. സിനിമ നിരോധിക്കണമെന്നും ഇവര്‍ ആവശ്യപ്പെടുന്നു. ചരിത്രകാരന്മാരുള്‍പ്പെട്ട സമിതിയെ നിയോഗിക്കുന്നത് സംബന്ധിച്ച് ഉദ്യോഗസ്ഥരുമായി ചര്‍ച്ച നടത്തിയെന്ന് ആഭ്യന്തരമന്ത്രി ഗുലാബ് ചന്ത് കടാരിയ വ്യക്തമാക്കി.