ന്യൂഡല്‍ഹി: വിവാദ ബോളിവുഡ് ചലച്ചിത്രം 'പദ്മാവത്' റിലീസ് ചെയ്യാന്‍ അനുമതിനല്കിയ ഉത്തരവില്‍ മാറ്റംവരുത്തില്ലെന്നു സുപ്രീംകോടതി. ഇഷ്ടമില്ലാത്തവര്‍ സിനിമ കാണേണ്ട. നൂറുപേര്‍ ചേര്‍ന്ന് ഒരുസ്ഥലത്ത് കുഴപ്പമുണ്ടാക്കുമെന്ന് സര്‍ക്കാര്‍ പറയരുതെന്ന് വ്യക്തമാക്കിയ കോടതി, ക്രമസമാധാനം ഉറപ്പാക്കേണ്ടത് സംസ്ഥാനങ്ങളാണെന്നും ആവര്‍ത്തിച്ചു. 25-നാണ് ചിത്രം പുറത്തിറങ്ങുക.

റിലീസിനു നല്കിയ അനുമതി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് രാജസ്ഥാന്‍, മധ്യപ്രദേശ് സര്‍ക്കാരുകള്‍ നല്കിയ ഹര്‍ജികളാണ് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് തള്ളിയത്.

ക്രമസമാധാനപ്രശ്‌നത്തിനുള്ള സാധ്യത മുന്നില്‍ക്കണ്ട് വിവാദചിത്രങ്ങളുടെ പ്രദര്‍ശനം തടയാന്‍ സിനിമാ നിയമത്തിലെ ആറാംവകുപ്പ് സര്‍ക്കാരുകള്‍ക്ക് അധികാരം നല്‍കുന്നുണ്ടെന്ന് ഇരുസംസ്ഥാനങ്ങളും വാദിച്ചു. എന്നാല്‍, സെന്‍സര്‍ ബോര്‍ഡ് അംഗീകരിച്ച സിനിമയുടെ പ്രദര്‍ശനം തടയുന്ന ഘട്ടത്തിലേക്ക് കടക്കാനാവില്ലെന്ന് കോടതി വ്യക്തമാക്കി.

എവിടെയെങ്കിലും കുഴപ്പങ്ങളുണ്ടായാല്‍ ക്രമസമാധാനം ഉറപ്പാക്കുന്നതിന് പ്രദര്‍ശനം തടയാന്‍ അനുവദിക്കണമെന്ന് സംസ്ഥാനങ്ങള്‍ വാദിച്ചു. എന്നാല്‍, കുഴപ്പങ്ങളുണ്ടാകുമെന്ന മുന്‍ധാരണയിലാണ് നിങ്ങളെന്നു പറഞ്ഞ കോടതി, തങ്ങളുടെ ഉത്തരവ് ആദ്യം നടപ്പാക്കണമെന്ന് നിര്‍ദേശിച്ചു. പ്രശ്‌നങ്ങളുണ്ടായാല്‍ അപ്പോള്‍ കോടതിയെ സമീപിക്കാം.

സിനിമയില്‍ ചരിത്രത്തെ വളച്ചൊടിക്കുകയാണെന്നാരോപിച്ച് അതിനെ എതിര്‍ക്കുന്ന കാര്‍ണിസേന, അഖിലഭാരതീയ ക്ഷത്രിയ മഹാസഭ എന്നിവരും കോടതിയുത്തരവിനെ എതിര്‍ത്തു. തങ്ങളുടെ വികാരങ്ങളെ ഹനിക്കുന്ന ചിത്രമാണിതെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, സിനിമയ്ക്കുമുമ്പ് എഴുതിക്കാട്ടുന്ന 'ഡിസ്‌ക്ലെയ്മര്‍' വായിച്ചുനോക്കാനും ഇതേക്കുറിച്ച് ബോധവത്കരണം നടത്താനും കോടതി ആവശ്യപ്പെട്ടു.

'പദ്മാവതി'ന്റെ സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹര്‍ജി അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യം സുപ്രീംകോടതി കഴിഞ്ഞദിവസം തള്ളിയിരുന്നു. സിനിമ രാജ്യവ്യാപകമായി റിലീസ് ചെയ്യാന്‍ അനുമതി നല്കുകയും ചെയ്തു. ഇതിനെതിരേയാണ് ഇരുസംസ്ഥാനങ്ങളും സുപ്രീംകോടതിയിലെത്തിയത്.

മേവാറിലെ (രാജസ്ഥാന്‍) മഹാരാജാ രത്തന്‍ സിങ്ങും ഡല്‍ഹിയിലെ സുല്‍ത്താന്‍ അലാവുദ്ദീന്‍ ഖില്‍ജിയും തമ്മില്‍ പതിമ്മൂന്നാം നൂറ്റാണ്ടില്‍ നടന്ന യുദ്ധത്തിന്റെ കഥയാണ് ചിത്രത്തിന്റെ പ്രമേയം.