ന്യൂഡൽഹി: തിരുവനന്തപുരം ശ്രീപദ്മനാഭസ്വാമി ക്ഷേത്രവുമായി ബന്ധപ്പെട്ട കേസിൽ സുപ്രീംകോടതി തിങ്കളാഴ്ച വിധിപറയുമ്പോൾ ഇതുവരെ ഉയർന്ന വിവാദങ്ങൾ അവസാനിക്കുമോ അതോ പുതിയ വിവാദങ്ങൾക്ക് തിരികൊളുത്തുമോ എന്ന ആകാംക്ഷയിലാണ് കേരളം. ശബരിമല കേസിലെ വിധി നിയമപ്രശ്നങ്ങൾ അവസാനിപ്പിക്കുകയല്ല, തുടക്കമിടുകയാണു ചെയ്തതെന്ന സമീപകാല അനുഭവമാണ് ഈ ആകാംക്ഷയ്ക്ക് കാരണം.

തിങ്കളാഴ്ച വിധിവരാനിരിക്കുന്ന സുപ്രീംകോടതി 2011 മുതൽ ഒട്ടേറെ ഇടക്കാല ഉത്തരവുകൾ ഇറക്കിയിരുന്നു. അന്നുമുതൽ 100 ദിവസത്തോളം കേസ് സുപ്രീംകോടതിയുടെ പരിഗണനയ്ക്കെത്തി.

ക്ഷേത്രത്തിലെ വലിയ നിക്ഷേപമുണ്ടെന്നു പറയുന്ന ബി നിലവറ തുറക്കുന്നതുൾപ്പെടെയുള്ള വിഷയങ്ങളും സുപ്രീംകോടതിക്കുമുമ്പാകെയെത്തിയിരുന്നു. ബി നിലവറ തുറക്കാത്തത് വിശ്വാസവുമായി ബന്ധപ്പെട്ടാണെന്നാണ് രാജകുടുംബം വാദിച്ചത്.

എന്നാൽ, നേരത്തേ ഒമ്പതുതവണ നിലവറ തുറന്നിട്ടുണ്ടെന്ന് മുൻ സി.എ.ജി. വിനോദ് റായിയുടെ റിപ്പോർട്ടിലുണ്ടെന്ന് അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യം അറിയിച്ചിരുന്നു. തുടർന്ന്, ക്ഷേത്രത്തിന്റെ വരവുചെലവ് കണക്കുകൾ ഓഡിറ്റ് ചെയ്യാൻ ഫിനാൻഷ്യൽ കൺട്രോളറെ നിയമിക്കാനും കോടതി ഉത്തരവിടുകയുണ്ടായി. സുപ്രീംകോടതി നിയോഗിച്ച വിദഗ്ധ സമിതി കോ-ഓർഡിനേറ്റർ ഡോ. എം. വേലായുധൻ നായരുടെ റിപ്പോർട്ടും സമർപ്പിച്ചിരുന്നു.

ക്ഷേത്രത്തിന്റെ ഭരണവുമായി ബന്ധപ്പെട്ട് ശാശ്വതപരിഹാരം നിയമനിർമാണമാണെന്നും ഗുരുവായൂർ മാതൃകയിൽ ബോർഡിനു രൂപംനൽകണമെന്നുമാണ് സംസ്ഥാനസർക്കാരിന്റെ വാദം. ക്ഷേത്രഭരണത്തിന് രാജകുടുംബാംഗം, ക്ഷേത്രം തന്ത്രി, എക്സിക്യുട്ടീവ് ഓഫീസർ എന്നിവരും സർക്കാർ നാമനിർദേശം ചെയ്യുന്ന അഞ്ചുപേരുമടങ്ങുന്ന സമിതിവേണമെന്നാണ് സംസ്ഥാന സർക്കാർ നിർദേശിച്ചത്. സർക്കാർ നിർദേശിക്കുന്ന അഞ്ചുപേരിൽ പട്ടികജാതി, പട്ടികവിഭാഗത്തിൽനിന്നുള്ളവരും സ്ത്രീകളും ഉൾപ്പെടും. ക്ഷേത്രവിശ്വാസികളായവരെയാണ് അംഗങ്ങളാക്കുക. ചെയർമാനെ സമിതിയംഗങ്ങൾക്കു തിരഞ്ഞെടുക്കാം.

അമിക്കസ് ക്യൂറി ഗോപാൽ സുബ്രഹ്മണ്യത്തിന്റെയും മുൻ സി.എ.ജി. വിനോദ് റായിയുടെയും റിപ്പോർട്ടുകൾ വിരൽചൂണ്ടുന്നത് ക്ഷേത്രഭരണവും ആസ്തികളും സംബന്ധിച്ച ക്രമക്കേടുകളിലേക്കാണെന്ന് സംസ്ഥാനസർക്കാർ വാദിച്ചിരുന്നു. അതിനാൽ രാജകുടുംബത്തിന് ഭരണാധികാരം നൽകാനാവില്ല. അതേസമയം, ഗുരുവായൂർ ദേവസ്വം മാതൃകയിൽ പദ്മനാഭസ്വാമി ക്ഷേത്രത്തിലും സംവിധാനമുണ്ടാക്കുകയാണെങ്കിൽ അതിൽ അവരെയും ഉൾപ്പെടുത്താമെന്നും സർക്കാർ വ്യക്തമാക്കിയിരുന്നു.