ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള പദ്മപുരസ്കാരങ്ങൾ പ്രഖ്യാപിച്ചു.

സംഗീതജ്ഞ തീജൻ ഭായി, ആഫ്രിക്കൻ രാജ്യമായ ജിബൂട്ടിയുടെ പ്രസിഡന്റ് ഇസ്മായിൽ ഒമർ ഗലേ, വ്യവസായ പ്രമുഖൻ അനിൽകുമാർ മണിഭായ് നായിക്, മറാഠി നടൻ ബി.എം. പുരന്ദര എന്നിവർക്കാണ് ഈ വർഷത്തെ പദ്മവിഭൂഷൺ ബഹുമതി.

നടൻ മോഹൻലാലും ഐ.എസ്.ആർ.ഒ.യിലെ മുൻ ശാസ്ത്രജ്ഞൻ നമ്പി നാരായണനും അന്തരിച്ച മുതിർന്ന പത്രപ്രവർത്തകൻ കുൽദീപ് നയ്യാരും അടക്കം 14 പേർക്കാണ് പദ്മഭൂഷൺ പുരസ്കാരം. ശിവഗിരി മഠാധിപതിയും ശ്രീനാരായണ ധർമസംഘം പ്രസിഡന്റുമായ സ്വാമി വിശുദ്ധാനന്ദ, പ്രശസ്ത സംഗീതജ്ഞൻ കെ.ജി. ജയൻ, പുരാവസ്തു വിദഗ്ധൻ കെ.കെ. മുഹമ്മദ്, കൊൽക്കത്തയിലെ കാൻസർരോഗ വിദഗ്ധൻ മാമ്മൻ ചാണ്ടി, ഗായകൻ ശങ്കർമഹാദേവൻ തുടങ്ങി 94 പേർക്ക് പദ്മശ്രീ ലഭിച്ചു.

ലോക്‌സഭയുടെ മുൻ െഡപ്യൂട്ടി സ്പീക്കറും കേന്ദ്രമന്ത്രിയുമായിരുന്ന കരിയാമുണ്ട, കായികതാരം ബചേന്ദ്രിപാൽ, ബിഹാറിൽനിന്നുള്ള ബി.ജെ.പി.യുടെ മുൻ പാർലമെന്റംഗം ഹുക്കും നാരായൺ യാദവ് തുടങ്ങിയവർക്കും പദ്മഭൂഷൺ ബഹുമതി ലഭിച്ചു.

നടൻമാരായ പ്രഭുദേവ, മനോജ് വാജ്‌പേയി, താളവാദ്യവിദഗ്ധൻ ശിവമണി, ഫുട്ബോൾ താരം സുനിൽ ഛേത്രി, മുൻ വിദേശകാര്യ സെക്രട്ടറി എസ്.ജയശങ്കർ, എഴുത്തുകാരി ഗീതാ മേത്ത തുടങ്ങിയവർക്ക് പദ്മശ്രീ ലഭിച്ചു.

Content Highlights: Padma Bhushan Award Mohan Lal and Nampi Narayanan