ന്യൂഡല്‍ഹി: നടന്‍ രജനീകാന്തിനും ജീവനകലയുടെ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിനും നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തിക്കും പദ്മവിഭൂഷണ്‍ ബഹുമതി. റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചാണ് പദ്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്.

റിലയന്‍സ് വ്യവസായസാമ്രാജ്യത്തിന്റെ സ്ഥാപകന്‍ ധീരുഭായ് അംബാനിക്ക് മരണാനന്തരബഹുമതിയായി പദ്മവിഭൂഷണ്‍ നല്കും. 2ജി സ്‌പെക്ട്രം വിതരണത്തിലെ അഴിമതി ചൂണ്ടിക്കാട്ടിയ റിപ്പോര്‍ട്ടിലൂടെ രാജ്യശ്രദ്ധ നേടിയ മുന്‍ കംട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും വിരമിച്ച കേരള കേഡര്‍ ഐ.എ.എസ്. ഉദ്യോഗസ്ഥനുമായ വിനോദ് റായിക്ക് പദ്മഭൂഷണ്‍ ലഭിച്ചു.

കേരളത്തില്‍നിന്ന് ഗാന്ധിയന്‍ ഗോപിനാഥന്‍ നായര്‍, ആന്ധ്രപ്രദേശില്‍ സ്ത്രീകളുടെ അവകാശങ്ങള്‍ക്കായി പോരാടുന്ന മലയാളി സാമൂഹികപ്രവര്‍ത്തക സുനിതാ കൃഷ്ണന്‍, യു.എ.ഇ.യിലെ പ്രവാസിമലയാളി സാമൂഹികപ്രവര്‍ത്തകന്‍ ഡോ. സുന്ദര്‍ ആദിത്യ മേനോന്‍ എന്നിവര്‍ക്ക് പദ്മശ്രീ നല്‍കും. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവും വേദാന്തപണ്ഡിതനും ആര്‍ഷവിദ്യാഗുരുകുലം സ്ഥാപകനുമായ സ്വാമി ദയാനന്ദസരസ്വതിക്ക് മരണാനന്തരബഹുമതിയായി പദ്മഭൂഷണ്‍ നല്‍കും.

രാമോജി റാവു ഫിലിം സിറ്റി ഉടമ രാമോജി റാവു, ജമ്മു കശ്മീര്‍ മുന്‍ ഗവര്‍ണര്‍ ജഗ്മോഹന്‍, സംഗീതവിദുഷി ഗിരിജാദേവി, അഡയാര്‍ കാന്‍സര്‍ ഇന്‍സ്റ്റിറ്റിയൂട്ട് മേധാവി ഡോ. വിശ്വനാഥന്‍ ശാന്ത(വൈദ്യശാസ്ത്രം), ഡി.ആര്‍.ഡി.ഒ. മുന്‍ മേധാവി ഡോ. വാസുദേവ കല്‍കുണ്ഡെ ആര്‍ത്രെ(ശാസ്ത്രം), അവിനാഷ് ദീക്ഷിത്(വിദ്യാഭ്യാസം) എന്നിവരാണ് പദ്മവിഭൂഷണ്‍ നേടിയ മറ്റു പ്രതിഭകള്‍.

നടന്‍ അനുപം ഖേര്‍, ഗായകന്‍ ഉദിത് നാരായണ്‍, സ്വാമി തേജോമയാനന്ദ, ടൈംസ് ഓഫ് ഇന്ത്യയുടെ ചെയര്‍പേഴ്‌സണ്‍ ഇന്ദു ജയിന്‍, കായികതാരങ്ങളായ സാനിയ മിര്‍സ, സൈന നേവാള്‍, മാരുതി സുസുകി ചെയര്‍മാന്‍ ആര്‍.സി.ഭാര്‍ഗവ തുടങ്ങിയവരാണ് പദ്മഭൂഷണ്‍ ബഹുമതി നേടിയവര്‍.

ഹിന്ദി ചലച്ചിത്രതാരങ്ങളായ അജയ് ദേവ്ഗണ്‍, പ്രിയങ്ക ചോപ്ര, ഹിന്ദിസംവിധായകന്‍ മധുര്‍ ഭണ്ഡാര്‍കര്‍, 'ബാഹുബലി' എന്ന ജനപ്രിയചിത്രത്തിന്റെ സംവിധായകന്‍ എസ്.എസ്.രാജമൗലി, നര്‍ത്തകി പ്രതിഭാ പ്രഹ്ലാദ്, 1993-ലെ മുംബൈ സ്‌ഫോടനക്കേസിലെ പബ്ലിക് പ്രോസിക്യൂട്ടര്‍ ഉജ്ജ്വല്‍ നികം തുടങ്ങിയവര്‍ക്കാണ് പദ്മശ്രീ പുരസ്‌കാരം. ഹിന്ദിനടനായിരുന്ന സയ്യദ് ജഫ്രിക്ക് മരണാനന്തരബഹുമതിയായി പദ്മശ്രീ നല്കും.