ന്യൂഡൽഹി: റിപ്പബ്ലിക് ദിനത്തിന് മുന്നോടിയായി രാജ്യത്തിന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതികളിലൊന്നായ പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. കെ.എസ്. ചിത്രയടക്കം ആറു മലയാളികൾക്കാണ് ഇത്തവണ പുരസ്കാര ലബ്ധി.

മരണാനന്തര ബഹുമതിയായി ബഹുഭാഷാ ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിനും ഫൈബർ ഒപ്റ്റിക്‌സ് വിദഗ്ധനും ഊർജ തന്ത്രജ്ഞനുമായ അമേരിക്കൻ-ഇന്ത്യൻ ശാസ്ത്രജ്ഞൻ നരീന്ദർ സിങ് കപനിക്കും പദ്മവിഭൂഷൺ ലഭിച്ചു. ജപ്പാൻ പ്രധാനമന്ത്രി ഷിൻസൊ ആബേ (പൊതുകാര്യം), കർണാടകയിലെ പ്രമുഖ ഹൃദ്രോഗവിദഗ്ധനും മണിപ്പാൽ സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. ബി.എം. ഹെഗ്‌ഡെ (വൈദ്യശാസ്ത്രം), ഡൽഹിയിലെ ഇസ്‌ലാമിക പണ്ഡിതൻ മൗലാന വഹീദുദ്ദീൻ ഖാൻ, പുരാവസ്തു ഗവേഷകൻ ബി.ബി. ലാൽ, ഒഡിഷയിൽ നിന്നുള്ള ശില്പി സുദർശൻ സാഹൂ എന്നിവർക്കും പദ്മവിഭൂഷൺ ലഭിക്കും.

ഗായിക കെ.എസ്. ചിത്രയ്ക്ക് പദ്മഭൂഷണും ഗാനരചയിതാവ് കൈതപ്രം ദാമോദരൻ നമ്പൂതിരി, പാവകളി കലാകാരൻ ഷൊർണൂരിലെ കെ.കെ. രാമചന്ദ്രൻ പുലവർ, ഹൈന്ദവാചാരാനുഷ്ഠാനങ്ങളെക്കുറിച്ച് ഒട്ടേറെ ഗ്രന്ഥങ്ങൾ എഴുതിയ ബാലൻ പൂതേരി, ആദിവാസികൾക്കായി ആതുരസേവനം നടത്തിയ വയനാട്ടിലെ ഡോ. ധനഞ്ജയ് ദിവാകർ സച്‌ദേവ്, കായികപരിശീലകൻ ഒ.എം. മാധവൻ നമ്പ്യാർ എന്നിവർക്ക് പദ്മശ്രീയും നൽകും. തമിഴ്‌നാട്ടിൽ നിന്നുള്ള മലയാളികൾക്ക് പ്രിയങ്കരിയായ ഗായിക ബോംബെ ജയശ്രീക്കും പദ്മശ്രീ പുരസ്‌കാരമുണ്ട്.

രാഷ്ട്രീയ നേതാക്കളായിരുന്ന തരുൺ ഗൊഗോയ്‌, രാം വിലാസ് പാസ്വാൻ, കേശുഭായ് പട്ടേൽ, ഇസ്‌ലാമിക പണ്ഡിതൻ കൽബെ സാദിഖ് എന്നിവർക്ക് മരണാനന്തര ബഹുമതിയായി പദ്മഭൂഷൺ ലഭിക്കും. സാഹിത്യകാരൻ ചന്ദ്രശേഖര കമ്പാർ, മുൻ ലോക്‌സഭാ സ്പീക്കർ സുമിത്ര മഹാജൻ, ന്യൂനപക്ഷ കമ്മിഷൻ മുൻ ചെയർമാൻ തർലോചൻ സിങ്, മഹാരാഷ്ട്രയിലെ വ്യവസായി രജനീകാന്ത് ഷ്രോഫ് എന്നിവർക്കും പദ്മഭൂഷൺ ബഹുമതിയുണ്ട്.