ന്യൂഡല്‍ഹി: പദ്മവിഭൂഷണ്‍ ബഹുമതിപ്പട്ടികയിലെ നാലുപേര്‍ രാഷ്ട്രീയരംഗത്തുനിന്നാണെന്നത് ശ്രദ്ധേയമാണ്. എന്‍.സി.പി.നേതാവ് ശരദ് പവാര്‍, ബി.ജെ.പി. നേതാവ് ഡോ. മുരളീമനോഹര്‍ ജോഷി, എന്‍.സി.പി.നേതാവും മുന്‍ ലോക്‌സഭാ സ്​പീക്കറുമായിരുന്ന പി.എ. സാങ്മ, മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായിരുന്ന സുന്ദര്‍ലാല്‍ പട്വ എന്നിവരാണ് പദ്മവിഭൂഷണ്‍നേടിയ തലപ്പൊക്കമുള്ള രാഷ്ട്രീയനേതാക്കള്‍. സാങ്മയ്ക്കും സുന്ദര്‍ലാല്‍ പട്വയ്ക്കും മരണാനന്തരബഹുമതിയായാണ് നല്‍കുന്നത്.
 
സോണിയാഗാന്ധിയുടെ നേതൃത്വത്തോട് കലഹിച്ച് കോണ്‍ഗ്രസ് വിട്ട് എന്‍.സി.പി. രൂപവത്കരിച്ച പവാറിനും സാങ്മയ്ക്കും ഒരേ സമയം പുരസ്‌കാരം ലഭിക്കുന്നുവെന്ന പ്രത്യേകതയുമുണ്ട്. മോദിവിരുദ്ധക്യാമ്പിലെ മുതിര്‍ന്നനേതാവ് ഡോ. മുരളീമനോഹര്‍ ജോഷിക്ക് പുരസ്‌കാരം പ്രഖ്യാപിച്ചതും ശ്രദ്ധേയം.

തമിഴ്‌നടനും രാഷ്ട്രീയവിമര്‍ശകനും പത്രപ്രവര്‍ത്തകനുമായിരുന്ന ചോ രാമസ്വാമി, മോഹനവീണ വിദ്വാന്‍ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ട്, ആത്മീയനേതാക്കളായ രത്‌നസുന്ദര്‍ മഹാരാജ്, സ്വാമി നിരഞ്ജനനന്ദ സരസ്വതി തുടങ്ങിയവര്‍ക്കാണ് പദ്മഭൂഷണ്‍ പുരസ്‌കാരം.

കായികരംഗത്തുനിന്ന് ശ്രീജേഷിനെ കൂടാതെ ഏഴുപ്രതിഭകള്‍ക്കുകൂടി പദ്മശ്രീ പുരസ്‌കാരമുണ്ട്. ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലി, ഒളിമ്പിക്‌സില്‍ മികച്ച പ്രകടനം കാഴ്ചവച്ച സാക്ഷി മാലിക്, ദീപ കര്‍മാകര്‍, പാരാലിമ്പിക്‌സില്‍ സ്വര്‍ണം നേടിയ മാരിയപ്പന്‍ തങ്കവേലു, ക്രിക്കറ്റ് താരം ശേഖര്‍ നായിക്, ഡിസ്‌കസ് ത്രോ താരം വികാസ് ഗൗഡ തുടങ്ങിയവര്‍ പദ്മശ്രീനേടി.

പദ്മശ്രീനേടിയ മറ്റുപ്രമുഖര്‍ ഇവരാണ്: ലോക്‌സഭയുടെ മുന്‍ സെക്രട്ടറി ജനറല്‍ ടി.കെ. വിശ്വനാഥന്‍, മുന്‍ വിദേശകാര്യസെക്രട്ടറി കന്‍വല്‍ സിബല്‍, ഗായകന്‍ കൈലാഷ് ഖേര്‍, മാധ്യമപ്രവര്‍ത്തകരായ ഭാവന സോമയ്യ, വിഷ്ണുപാണ്ഡ്യ, നൃത്ത-സംഗീത രംഗത്തുനിന്ന് ബസന്തി ബിഷ്ട്, അരുണ മൊഹന്തി, ഭാരതി വിഷ്ണുവര്‍ധന്‍, സാധു മെഹര്‍, ടി.കെ. മൂര്‍ത്തി, ബവോ ദേവി.