ന്യൂഡൽഹി : ഐ.എൻ.എക്സ്. മീഡിയാ അഴിമതിക്കേസിൽ ജാമ്യത്തിനായി കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ പി. ചിദംബരം വ്യാഴാഴ്ച സുപ്രീംകോടതിയെ സമീപിച്ചു.
ഡൽഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയതിനെത്തുടർന്നാണ് ഇത്. കേസ് അടിയന്തരമായി കേൾക്കണമെന്ന് ചിദംബരത്തിന്റെ അഭിഭാഷകൻ കപിൽ സിബൽ ആവശ്യപ്പെട്ടു. ജാമ്യാപേക്ഷ ജസ്റ്റിസുമാരായ ആർ. ഭാനുമതിയുടെയും ഹൃഷികേശ് റോയിയുടെയും ബെഞ്ച് വെള്ളിയാഴ്ച പരിഗണിക്കും.
അതിനിടെ ഈ കേസിൽ ചിദംബരത്തിന്റെ ജുഡീഷ്യൽ കസ്റ്റഡി വ്യാഴാഴ്ച ഡൽഹി പ്രത്യേകകോടതി ഒക്ടോബർ 17 വരെ നീട്ടി. എന്നാൽ ജയിലിൽ വീട്ടിൽനിന്നുള്ള ഭക്ഷണം അനുവദിച്ചു. സ്ഥിരം വൈദ്യപരിശോധന നടത്താനും അനുമതി നൽകിയിട്ടുണ്ട്.
കേസന്വേഷണം നിർണായകഘട്ടത്തിലാണെന്നും ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കാനിടയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതി ചിദംബരത്തിന്റെ ഹർജി തള്ളിയത്. ജാമ്യാപേക്ഷ അടിയന്തരമായി പരിഗണിക്കണമെന്ന് കപിൽ സിബൽ വ്യാഴാഴ്ച സുപ്രീംകോടതിയിൽ അഭ്യർഥിച്ചെങ്കിലും ഇക്കാര്യത്തിൽ തീരുമാനമെടുക്കേണ്ടത് ചീഫ്ജസ്റ്റിസാണെന്നാണ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞത്.
ഐ.എൻ.എക്സ്. മീഡിയ കേസിൽ അറസ്റ്റിലായി തിഹാർജയിലിൽ കഴിയുകയാണ് ചിദംബരം ഇപ്പോൾ. വെറും ആരോപണത്തിന്റെ അടിസ്ഥാനത്തിൽ വ്യക്തിസ്വാതന്ത്ര്യം ഹനിക്കരുതെന്ന് അദ്ദേഹം ജാമ്യാപേക്ഷയിൽ പറഞ്ഞു. അനാരോഗ്യം തന്നെ അലട്ടുന്നുണ്ട്. ജയിലിലെ ഭക്ഷണവുമായി പൊരുത്തപ്പെടാനാവുന്നില്ല. ശരീരഭാരം നാല് കിലോഗ്രാം കുറഞ്ഞു. കേസിൽ ഏതെങ്കിലും സാക്ഷികളെയോ പ്രതികളെയോ സ്വാധീനിക്കാൻ ശ്രമിച്ചിട്ടില്ല- ജാമ്യാപേക്ഷയിൽ പറയുന്നു.
Content highlights: P Chidambaram Supreme Court