ന്യൂഡൽഹി: നാലു പതിറ്റാണ്ടിനിടയിൽ രാജ്യം നേരിടുന്ന ഏറ്റവും വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ ബഹുമതി നിലവിലെ ധനമന്ത്രിക്കാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവും മുൻ ധനമന്ത്രിയുമായ പി. ചിദംബരം. പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനു മുന്നോടിയായി പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോദിസർക്കാർ ഏഴുവർഷംകൊണ്ട് സമ്പദ് വ്യവസ്ഥ തകർത്തു. ഐ.എം.എഫും ലോകബാങ്ക് വിവരങ്ങളും ഉപയോഗിച്ച് ബ്രൂക്കിങ്‌സ് അടുത്തിടെ നടത്തിയ പഠനത്തിലെ നിഗമനം അപമാനകരമാണ്. നൈജീരിയയെ മറികടന്ന് ഇന്ത്യ ഏറ്റവും കൂടുതൽ ദരിദ്രജനങ്ങളുള്ള രാജ്യമായി മാറും -ചിദംബരം അഭിപ്രായപ്പെട്ടു. നടപ്പു സാമ്പത്തികവർഷത്തെ ബജറ്റ് എസ്റ്റിമേറ്റ് മായാജാലക്കാരന്റെ മിഥ്യയായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

“ഈ സർക്കാർ അസാധാരണമായ പിടിവാശിയിലാണ്. നല്ല ഉപദേശങ്ങൾക്കൊന്നും വഴങ്ങുന്നില്ല. തെറ്റായ സാമ്പത്തിക നയങ്ങളുടെ ആപത്കരമായ പ്രത്യാഘാതങ്ങളെയും ശ്രദ്ധിക്കുന്നില്ല. 2020-’21 ബജറ്റ് അവതരിപ്പിച്ച് ആഴ്ചകൾക്കുള്ളിൽത്തന്നെ ഗതി വ്യക്തമായിരുന്നു. ബജറ്റിനു പിന്നിലെ അനുമാനങ്ങൾ തെറ്റാണെന്നും നിശ്ചയിച്ചിട്ടുള്ള ലക്ഷ്യങ്ങൾ കൈവരിക്കാനാവില്ലെന്നും ഞങ്ങൾ ചൂണ്ടിക്കാട്ടി. മഹാമാരി ഇല്ലെങ്കിലും 2018-’19ന്റെ ആദ്യ പാദത്തിൽ തുടങ്ങി തുടർച്ചയായ എട്ടു പാദങ്ങളിൽ സമ്പദ്‌വ്യവസ്ഥയുടെ താഴ്ച തുടരുമായിരുന്നു. മഹാമാരി അതിനെ അഗാധതയിലേക്ക് തള്ളിവിട്ടു.

2020-’21 കാലഘട്ടത്തിലെ പുതുക്കിയ എസ്റ്റിമേറ്റ് അവതരിപ്പിച്ച് 2021-’22 വർഷത്തിലെ ആകർഷകമായ വിവരണം നൽകാനാവും ധനമന്ത്രി ശ്രമിക്കുക. ഈ പുതുക്കിയ എസ്റ്റിമേറ്റ് തെറ്റായ സംഖ്യകളിൽ ഊന്നിയതാവും. 2021-’22 ലെ ജി.ഡി.പി. വളർച്ച അഞ്ചു ശതമാനത്തിൽ കൂടില്ല” -അദ്ദേഹം വിലയിരുത്തി. നേതാക്കളായ ജയറാം രമേഷ്, മല്ലികാർജുൻ ഖാർഗെ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.

content highlights: p chidambaram on economic slowdown