ന്യൂഡൽഹി: പ്രാണവായു ലഭിക്കാതെ ഡൽഹിയിലെ ആശുപത്രിയിൽ വീണ്ടും മരണം. ബത്ര ആശുപത്രിയിൽ മുതിർന്ന ഡോക്ടറടക്കം 12 കോവിഡ് രോഗികൾ ശനിയാഴ്ച മരിച്ചു. ഒരു മണിക്കൂർ ഓക്സിജൻ മുടങ്ങിയപ്പോഴാണ് പന്ത്രണ്ടുപേരും മരിച്ചത്. ഓക്സിജൻ ക്ഷാമത്തെത്തുടർന്ന് ചില സ്വകാര്യ ആശുപത്രികൾ കോവിഡ് രോഗികളെ പ്രവേശിപ്പിക്കുന്നത് നിർത്തിെവച്ചു.

ഓക്സിജൻ ലഭിക്കാതെ കോവിഡ് രോഗികൾ മരിക്കുന്ന മൂന്നാമത്തെ സംഭവമാണ് ശനിയാഴ്ച ഡൽഹിയിലുണ്ടായത്. കഴിഞ്ഞ ആഴ്ച രണ്ട് ആശുപത്രികളിലായി 49 രോഗികൾ ഓക്സിജൻക്ഷാമംമൂലം മരിച്ചിരുന്നു.

ഓക്സിജൻ സ്റ്റോക് തീരുന്ന വിവരം രാവിലെ ഏഴുമുതൽ ബന്ധപ്പെട്ടവരെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് ബത്ര ആശുപത്രി അധികൃതർ മാധ്യമങ്ങളോട് പറഞ്ഞു. ഉച്ചയ്ക്ക് 12.30 വരെ ഉപയോഗിക്കാനുള്ള ഓക്സിജൻമാത്രമാണ് കൈവശമുള്ളതെന്ന് അറിയിച്ചിരുന്നു. എന്നാൽ 12.30 ആയപ്പോഴും ഓക്സിജൻ എത്തിയില്ല. 1.35-നാണ് ഓക്സിജൻ എത്തിയത്. ഇതിനിടയിൽ 12 രോഗികളുടെ ജീവൻ നഷ്ടപ്പെട്ടെന്ന് ആശുപത്രി സി.ഇ.ഒ. ഡോ. സുധാൻഷു ബങ്കട മാധ്യമങ്ങളോട് പറഞ്ഞു. ബത്ര ആശുപത്രിയിലെ ഗ്യാസ്‌ട്രോഎന്ററോളജി വിഭാഗം മേധാവി ഡോ. ആർ.കെ. ഹിന്താനി ഉൾപ്പെടെയുള്ളവരാണ്‌ മരിച്ചത്. ഇരുപതുദിവസമായി കോവിഡ് ബാധയെത്തുടർന്ന് ഹിന്താനി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.