ന്യൂഡൽഹി: ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്സിജൻ നൽകാത്തതുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിന് ഡൽഹി ഹൈക്കോടതി അയച്ച കോടതിയലക്ഷ്യ നോട്ടീസ് സുപ്രീംകോടതി സ്റ്റേ ചെയ്തു. ഉദ്യോഗസ്ഥർക്കെതിരേ കോടതിയലക്ഷ്യമെടുക്കുന്നതു കൊണ്ടുമാത്രം ഡൽഹിയിലെ പ്രശ്നങ്ങൾ പരിഹരിക്കാനാവില്ലെന്ന് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.

അതേസമയം, കോവിഡ് രൂക്ഷമായ സാഹചര്യത്തിൽ ഡൽഹിക്ക് പ്രതിദിനം 700 മെട്രിക് ടൺ ഓക്സിജൻ നൽകണമെന്ന ഏപ്രിൽ 30-ലെ സുപ്രീംകോടതി ഉത്തരവ് കേന്ദ്രം പാലിക്കുകതന്നെ വേണമെന്ന് ബെഞ്ച് വ്യക്തമാക്കി. കേന്ദ്രത്തിന്റെ പദ്ധതിയെന്തെന്ന് വ്യാഴാഴ്ച രാവിലെ 10.30-ന് അറിയിക്കാനും ബെഞ്ച് ആവശ്യപ്പെട്ടു.

ഡൽഹിയിൽ ഓക്സിജൻ ലഭിക്കാതെ രോഗികൾ മരിക്കുന്ന സാഹചര്യത്തിൽ തങ്ങൾക്ക് നോക്കിനിൽക്കാനാവില്ലെന്ന് വ്യക്തമാക്കിയാണ് ഹൈക്കോടതി കേന്ദ്രത്തിന് കഴിഞ്ഞദിവസം നോട്ടീസയച്ചത്. കേന്ദ്ര സർക്കാരിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥരോട് ബുധനാഴ്ച നേരിട്ട് ഹാജരാകാനും കോടതി ആവശ്യപ്പെട്ടു. ഈ സാഹചര്യത്തിലാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചത്.

ഒട്ടകപ്പക്ഷിയെപ്പോലെ നിങ്ങൾക്ക് മണലിൽ തലപൂഴ്ത്തിയിരിക്കാനാകുമെങ്കിലും തങ്ങൾക്ക് അതിന് കഴിയില്ലെന്ന് കേന്ദ്രത്തോട് ഹൈക്കോടതി പറഞ്ഞിരുന്നു. ഇപ്പോഴത്തെ മെഡിക്കൽ സൗകര്യമനുസരിച്ച് ഡൽഹിക്ക് 700 മെട്രിക് ടൺ ഓക്സിജൻ ലഭിക്കാൻ അർഹതയില്ലെന്നാണ് കേന്ദ്രം വാദിച്ചത്.