ന്യൂഡൽഹി: കോവിഡ് കുതിച്ചുയരുമ്പോൾ രോഗികളെ ചികിത്സിക്കാനുള്ള ഓക്സിജൻ തികയാതെ വീർപ്പുമുട്ടി രാജ്യതലസ്ഥാനം. ഡൽഹിക്കുള്ള ഓക്സിജൻ വിഹിതം വർധിപ്പിക്കാനും വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഓക്സിജൻ വണ്ടികൾ തടയരുതെന്നും കേന്ദ്രസർക്കാർ ഉത്തരവിറക്കിയിട്ടും വ്യാഴാഴ്ചയും തലസ്ഥാനത്തെ ആശുപത്രികൾ ആശങ്കയിൽ വീർപ്പുമുട്ടി.

കോവിഡ് രോഗികൾ കുതിച്ചുയർന്നതോടെ ഡൽഹിയിൽ ദിവസവും 700 മെട്രിക് ടൺ ഓക്സിജൻ ആവശ്യമുണ്ടെന്ന് സംസ്ഥാന സർക്കാർ വ്യക്തമാക്കി. കേന്ദ്രം നിശ്ചയിച്ചിട്ടുള്ള വിഹിതം 378 ടണ്ണാണ്. ഗുരുതരസാഹചര്യം മുൻനിർത്തി ഈ വിഹിതം ബുധനാഴ്ച രാത്രി 480 ടണ്ണായി ഉയർത്തി. ഡൽഹിക്കു നിശ്ചയിച്ച വിഹിതം ഒഡിഷയിൽ നിന്നെത്തേണ്ടതിനാൽ കാലതാമസം ഒഴിവാക്കാൻ ഡൽഹി സർക്കാരിനു വിമാനമാർഗം സ്വീകരിക്കേണ്ടിവന്നു. മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്നെ ഇക്കാര്യം മാധ്യമങ്ങളെ അറിയിച്ചു.

ബുധനാഴ്ച പലയിടത്തും ഓക്സിജൻ എത്തിയെങ്കിലും 24 മണിക്കൂറിലേക്ക് ഇതു തികയില്ലെന്നാണ് ആശുപത്രികളുടെ പരാതി. ശാന്തി മുകുന്ദ് ആശുപത്രി സി.ഇ.ഒ. മാധ്യമങ്ങൾക്കു മുന്നിൽ പൊട്ടിക്കരഞ്ഞത് ചെറുകിട ആശുപത്രികൾ നേരിടുന്ന ക്ഷാമത്തിന്റെ തെളിവായി. രണ്ടു മണിക്കൂറിലേക്കുള്ള ഓക്സിജനേ ഉള്ളൂവെന്നായിരുന്നു ഡോക്ടറുടെ വെളിപ്പെടുത്തൽ. മാതാ ഛന്നൻ ദേവി ആശുപത്രിയും പരാതി പങ്കുവെച്ചു. 210 കോവിഡ് കിടക്കകളുള്ള ആശുപത്രിയിൽ കഴിഞ്ഞ ദിവസം രാത്രി 500 കിലോ ഗ്രാം ഓക്സിജൻ ലഭിച്ചു. ഓക്സിജൻ തികയാഞ്ഞതിനാൽ ഐ.സി.യു.വിലെ 30 രോഗികളെ മറ്റൊരിടത്തേക്കു മാറ്റാനുള്ള ശ്രമത്തിലാണിവർ.

ക്ഷാമം തീർന്നിട്ടില്ലെന്ന് ജി.ടി.ബി. ആശുപത്രി, ഗംഗാറാം ആശുപത്രി അധികൃതരും വ്യക്തമാക്കി. ഡൽഹിയിലെ പ്രത്യേക കോവിഡ് ആശുപത്രിയായ എൽ.എൻ.ജെ.പി.യിലും ഉടൻ ഓക്സിജനെത്തുമെന്നാണ് പ്രതീക്ഷ. സെയ്‌ന്റ് സ്റ്റീഫൻസ് ആശുപത്രി, ബുറാഡി ആശുപത്രി, ഹോളി ഫാമിലി തുടങ്ങിയ ആശുപത്രികളൊക്കെ ഓക്സിജൻ ക്ഷാമത്തെക്കുറിച്ച് മാധ്യമങ്ങൾക്കുമുന്നിൽ ആശങ്ക പങ്കുവെച്ചു.

ഡൽഹിയിൽ ഓക്സിജൻ ഉത്‌പാദനമില്ലെന്നതാണ് മറ്റൊരു വെല്ലുവിളി. കലിംഗനഗർ, പാനിപ്പത്ത്, റൂർക്കേല, റൂർക്കി, ഭിവാഡി, ബറോത്തിവാല, ഗാസിയാബാദ്, സുരാജ്പുർ, കാശിപുർ, മോദിനഗർ, സലെകുയി എന്നിവിടങ്ങളിലെ പ്ലാന്റുകളിൽനിന്ന്‌ ഡൽഹിയിൽ ഓക്സിജൻ എത്തിക്കാനാണ് ഇപ്പോഴുള്ള തീരുമാനം.