ഹരിദ്വാർ: ഹരിദ്വാറിൽ കുംഭമേളയ്ക്കെത്തിയ 1,701 പേർക്ക് കഴിഞ്ഞ അഞ്ചുദിവസത്തിനിടെ കോവിഡ് സ്ഥിരീകരിച്ചു. ഈ കാലയളവിൽ മേളയിലെത്തിയ ഭക്തർ, വിവിധ അഖാഡകളിലെ സന്ന്യാസിമാർ എന്നിവരെയാണ് കോവിഡ് പരിശോധനകൾക്ക് വിധേയരാക്കിയത്. കുംഭമേളയിൽ പങ്കെടുത്ത് തിരിച്ചെത്തുന്നവർ സ്വയം ക്വാറന്റീനിൽ കഴിയണമെന്നും ആർ.ടി.പി.സി.ആർ. പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പുവരുത്തണമെന്നും കർണാകട സർക്കാർ ഉത്തരവിറക്കി.

അതേസമയം, സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് എം.ആർ. ഷായുടെ ഒൗദ്യോഗിക വസതിയിലെ എല്ലാ ജീവനക്കാർക്കും കോവിഡ് ബാധിച്ചു. താൻ രോഗബാധിതനല്ലെന്ന് ജസ്റ്റിസ് പറഞ്ഞു. തുടർന്ന്, ജീവനക്കാർക്കായി കർശനനിയന്ത്രണങ്ങളടങ്ങിയ ഉത്തരവ് കോടതി പുറത്തുവിട്ടു. കോവിഡ് ലക്ഷണമുള്ളവർ ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർ‌ട്ടിഫിക്കറ്റ് സഹിതംമാത്രമേ കോടതിയിൽ പ്രവേശിക്കാൻ പാടുള്ളൂവെന്നും നിർദേശമുണ്ട്.

കോവിഡ്‌വ്യാപനം കണക്കിലെടുത്ത്‌ പ്രധാനമന്ത്രി നരേന്ദ്രമോദി വിദേശ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയ്ക്ക് നിയന്ത്രണമേർപ്പെടുത്തി. കോവിഡുമായി ബന്ധപ്പെട്ടു കൂടുതൽ അവലോകന യോഗങ്ങൾ വേണ്ടതിനാൽ വിദേശ പ്രതിനിധികളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച കുറച്ചു ദിവസത്തേക്ക്‌ നിർത്തിവെച്ചിരിക്കുകയാണെന്ന് സർക്കാർവൃത്തങ്ങൾ അറിയിച്ചു. ഫ്രഞ്ച് വിദേശകാര്യമന്ത്രി ജീൻ-യെവ്സ് ലെ ഡ്രിയാൻ, മാലദ്വീപ് വിദേശകാര്യമന്ത്രി അബ്ദുല്ല ഷാഹിദ് എന്നിവർ ഇപ്പോൾ ഇന്ത്യാസന്ദർശനത്തിലാണ്. ഇവരുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച റദ്ദാക്കി.