ന്യൂഡൽഹി: സാമൂഹിക മാധ്യമങ്ങളെയും ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെയും വാർത്താപോർട്ടലുകളെയും നിയന്ത്രിക്കാൻ ചട്ടങ്ങൾ ഏർപ്പെടുത്തിയത് ഏതെങ്കിലും രൂപത്തിലുള്ള സെൻസർഷിപ്പിനല്ലെന്ന് കേന്ദ്ര വാർത്താവിതരണ മന്ത്രി പ്രകാശ് ജാവഡേക്കർ. ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളുടെ പ്രതിനിധികളുമായി വ്യാഴാഴ്ച നടത്തിയ കൂടിക്കാഴ്ചയിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്. സ്വയം നിയന്ത്രണസംവിധാനമാണ് സർക്കാർ ആവിഷ്കരിക്കുന്നതെന്നും പരാതിപരിഹാര സമിതിയിൽ സർക്കാർ പ്രതിനിധികളെ നിയോഗിക്കുകയില്ലെന്നും മന്ത്രി അറിയിച്ചു.

ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളായ ആമസോൺ പ്രൈം, നെറ്റ്ഫ്ളിക്‌സ്, ഹോട്സ്റ്റാർ, ജിയോ, സീ 5, വയകോം 18, ഷെമാരൂ, മാക്‌സ്‌പ്ലെയർ, ആൾട് ബജാജ് തുടങ്ങിയവയുടെ പ്രതിനിധികളാണ് യോഗത്തിൽ പങ്കെടുത്തത്‌. സർക്കാരിന് വിവരങ്ങൾ നൽകുക എന്നതിനപ്പുറം ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ മന്ത്രാലയത്തിൽ രജിസ്റ്റർ ചെയ്യണമെന്ന വ്യവസ്ഥയില്ലെന്ന് മന്ത്രി വിശദീകരിച്ചു. ഉള്ളടക്കം സ്വയം വർഗീകരിക്കുക എന്നതിനപ്പുറം ഏതെങ്കിലും രൂപത്തിലുള്ള സെൻസർഷിപ്പ് ലക്ഷ്യമിടുന്നില്ല. സ്വയം നിയന്ത്രണ സംവിധാനത്തിലൂടെ പരാതികൾ പരിഹരിക്കപ്പെട്ടില്ലെങ്കിൽ, വകുപ്പുതല സമിതിക്ക് രൂപംകൊടുക്കുകയെന്നതിൽ മാത്രമാണ് സർക്കാരിന് അധികാരമെന്നും മന്ത്രി പറഞ്ഞു.

“ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകളെ നിയന്ത്രിക്കണമെന്ന് ചൂണ്ടിക്കാട്ടി സിനിമ, ടെലിവിഷൻ വ്യവസായങ്ങളിൽനിന്ന് നിവേദനങ്ങൾ സർക്കാരിന് ലഭിച്ചിരുന്നു. സ്വയം നിയന്ത്രണം അനിവാര്യമാണ് എന്നതാണ് സർക്കാരിന്റെ നിലപാട്. ഇതേത്തുടർന്നാണ് സർക്കാർ ചട്ടങ്ങൾക്ക് രൂപംനൽകിയത്. സർക്കാരുണ്ടാക്കിയ ചട്ടങ്ങളെ വിവിധ ഒ.ടി.ടി. പ്ലാറ്റ്‌ഫോമുകൾ സ്വാഗതം ചെയ്തിട്ടുണ്ട്” -മന്ത്രി ജാവഡേക്കർ പറഞ്ഞു.

Content Highlights: OTT Prakash Javadekar