മുംബൈ: ’പിരീയഡ്: എൻഡ് ഓഫ് സെന്റൻസ്’ ഓസ്കർ വേദിയിൽ മികച്ച ഡോക്യുമെന്ററിയായി തിരഞ്ഞെടുക്കപ്പെട്ടപ്പോൾ ബോളിവുഡും ആഹ്ളാദത്തിൽ.

സിനിമാതാരങ്ങളായ പ്രിയങ്കാ ചോപ്ര മുതൽ അക്ഷയ് കുമാർ, അനുപം ഖേർ തുടങ്ങി ഒട്ടേറെപ്പേർ സന്തോഷം സാമൂഹികമാധ്യമങ്ങളിലൂടെയും മറ്റും പങ്കുവെച്ചു. ’ഇത് ജീവിതത്തിലെ ഒരു പ്രത്യേകനിമിഷമാണ്. ആർത്തവം ഇതിവൃത്തമാക്കി എടുത്ത ചിത്രത്തിന് ഓസ്കർ ബഹുമതി ലഭിച്ചത് ഏറെ പ്രത്യേകതയുള്ളതാണ്. ചിത്രത്തിനുപിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ. പ്രത്യേകിച്ച് എന്റെ സുഹൃത്ത് ഗുനീത് മോംഗയ്ക്ക്’- പ്രിയങ്ക ചോപ്രയുടെ സന്ദേശം ഈ രീതിയിലായിരുന്നു. ചിത്രത്തിന്റെ നിർമാതാവാണ് ഗുനീത്.

ഈ വിഷയം ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടേണ്ടതാണ് എന്നായിരുന്നു ഇതേ ഇതിവൃത്തവുമായി പുറത്തിറങ്ങിയ ’പാഡ് മാൻ’ എന്ന ചിത്രത്തിലെ നായകൻ അക്ഷയ് കുമാർ അഭിപ്രായപ്പെട്ടത്. ചിത്രത്തിനുപിന്നിൽ പ്രവർത്തിച്ച ഗുനീത് മോംഗയ്ക്കും സംഘത്തിനും അഭിനന്ദനങ്ങൾ അറിയിക്കാനും അദ്ദേഹം മറന്നില്ല.

’ജയ് ഹോ ഗുനീത് മോംഗ ആൻഡ് ടീം’- അനുപം ഖേറിന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു.

മഹേഷ് ഭൂപതിയുടെ ഭാര്യ ലാറാ ദത്തയും വിജയികളെ അനുമോദിക്കാൻ മറന്നില്ല ‘അനുമോദനം ഗുനീത് മോംഗ, ഏറെ സന്തോഷമുണ്ട്’-അവർ പറഞ്ഞു.

സംവിധായകൻ അനുരാഗ് കശ്യപ്, വിക്കി കൗശൽ, വിശാൽ ദൽദാനി തുടങ്ങിയവരും ചിത്രത്തിനുപിന്നിൽ പ്രവർത്തിച്ചവരെ അനുമോദിച്ചു.

Content Highlights: Oscar Award Period. End Of Sentence