ഹൈദരാബാദ്: രാജ്യം സംരക്ഷിക്കുന്നതിനായി 19 പ്രതിപക്ഷപാർട്ടികളുടെ നേതൃത്വത്തിലുള്ള പോരാട്ടം ആരംഭിച്ചെന്നും മോദി സർക്കാരിനെ അധികാരത്തിൽനിന്ന് പുറത്താക്കുന്നതുവരെ പ്രക്ഷോഭം തുടരുമെന്നും സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി.

ബി.ജെ.പി.- ടി.ആർ.എസ്. ഇതര പ്രതിപക്ഷ പാർട്ടികൾ ഹൈദരാബാദിലെ ധർണചൗക്കിൽ നടത്തിയ പ്രതിഷേധത്തിൽ സംസാരിക്കുകയായിരുന്നു യെച്ചൂരി. ‘മോദി സർക്കാരിൽനിന്ന് സഹായങ്ങൾ തേടില്ല എന്ന് നമ്മൾ ഇന്ന് പ്രഖ്യാപിക്കുകയാണ്. ആദ്യം ഇന്ത്യയെ രക്ഷിക്കണം. ഭരണഘടനയുടെ നാല് തൂണുകളായ മതേതര ജനാധിപത്യം, സാമൂഹിക നീതി, ഫെഡറലിസം, സാമ്പത്തിക പരമാധികാരം എന്നിവ മോദി സർക്കാർ നശിപ്പിച്ചു. നമ്മുടെ ഇന്ത്യയെ രക്ഷിക്കാനും മോദിയെ അധികാരത്തിൽ നിന്ന് താഴെയിറക്കാനും കഴിയുന്നതുവരെ ഈ പോരാട്ടം തുടരും. അമേരിക്കൻ സന്ദർശനവേളയിൽ മോദി വിദേശ രാഷ്ട്രത്തലവന്മാരുമായി സംസാരിക്കുകയാണ്. അവിടെ എന്ത് വിൽക്കുമെന്നതാണ് ആശങ്ക. പ്രക്ഷോഭം ഈമാസം 30 വരെ തുടരും.’ -യെച്ചൂരി പറഞ്ഞു.