സൈനികരുടെ ജീവത്യാഗത്തെ ബി.ജെ.പി. രാഷ്ട്രീയനേട്ടത്തിനായി ദുരുപയോഗിക്കുകയാണെന്ന് ഡൽഹിയിൽ ചേർന്ന പ്രതിപക്ഷപാർട്ടികളുടെ സംയുക്തയോഗം കുറ്റപ്പെടുത്തി. ബുധനാഴ്ച സോണിയാ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന 21 പാർട്ടികളുടെ യോഗം ഇക്കാര്യത്തിൽ പ്രമേയവും പാസാക്കി. പുൽവാമയിൽ കൊല്ലപ്പെട്ട ജവാന്മാർക്ക് ആദരാഞ്ജലിയർപ്പിച്ച യോഗം പാകിസ്താന്റെ പ്രത്യാക്രമണത്തിലും ഇന്ത്യൻ പൈലറ്റിനെ കാണാതായ സംഭവത്തിലും ആശങ്ക രേഖപ്പെടുത്തി.

പാർലമെന്റിൽ പ്രതിപക്ഷപാർട്ടികൾ പങ്കെടുത്ത രണ്ടരമണിക്കൂർ നീണ്ട യോഗത്തിനുശേഷം കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി മാധ്യമങ്ങൾക്കുമുമ്പാകെ പ്രമേയം വായിച്ചു. “ചൊവ്വാഴ്ച ഇന്ത്യൻ വ്യോമസേന നടത്തിയ തിരിച്ചടിയെയും അവരുടെ ധീരതയെയും യോഗം അഭിനന്ദിച്ചു. സായുധസേനാംഗങ്ങളുടെ ജീവത്യാഗത്തെ രാജ്യം ഭരിക്കുന്ന കക്ഷി നിർലജ്ജമായി രാഷ്ട്രീയവത്കരിക്കുന്നതിൽ പ്രതിപക്ഷ പാർട്ടികളൊന്നാകെ പ്രതിഷേധം രേഖപ്പെടുത്തി. ദേശസുരക്ഷ സങ്കുചിതമായ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കപ്പെടുന്നു. നിലവിലുള്ള വ്യവസ്ഥയനുസരിച്ച് സർവകക്ഷിയോഗം വിളിച്ചു ചേർക്കാനുള്ള ജനാധിപത്യമര്യാദയും പ്രധാനമന്ത്രി കാണിച്ചില്ല. രാജ്യത്തെ സുരക്ഷാസ്ഥിതിയിൽ നേതാക്കൾ ആശങ്ക പ്രകടിപ്പിച്ചു. രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും പരമാധികാരവും സംരക്ഷിക്കാനുള്ള നടപടികളിൽ കേന്ദ്രസർക്കാർ രാജ്യത്തെ വിശ്വാസത്തിലെടുക്കണമെന്നും ആവശ്യപ്പെട്ടു” -ഇതാണ് പ്രമേയത്തിന്റെ ഉള്ളടക്കം.

യോഗത്തിൽ ആമുഖമായി സംസാരിച്ചത്‌ സോണിയാ ഗാന്ധിയായിരുന്നു. പുൽവാമ ഭീകരാക്രമണവും തുടർന്നുള്ള പ്രത്യാക്രമണവുമൊക്കെ കേന്ദ്രസർക്കാർ രാഷ്ട്രീയനേട്ടത്തിനായി ഉപയോഗിക്കുന്നതിനെ തുറന്നുകാട്ടണമെന്ന് തൃണമൂൽ കോൺഗ്രസ് നേതാവും ബംഗാൾ മുഖ്യമന്ത്രിയുമായ മമതാ ബാനർജി യോഗത്തിൽ ശക്തമായ നിലപാടെടുത്തു. രാജ്യസുരക്ഷയിൽ നാടകം കളിക്കുന്ന പ്രധാനമന്ത്രിക്കെതിരേ പ്രതിരോധത്തിനുപകരം കടന്നാക്രമിക്കുകയാണ് പ്രതിപക്ഷം ചെയ്യേണ്ടതെന്നും അവർ ആവശ്യപ്പെട്ടതോടെ ചർച്ചയുടെ ഗതിമാറി. കോൺഗ്രസ് വക്താവ് രൺദീപ് സിങ് സുർജേവാല എഴുതിത്തയ്യാറാക്കിയ പ്രമേയം ചില തിരുത്തലുകൾ വരുത്തി സീതാറാം യെച്ചൂരി വായിച്ചു. പ്രമേയത്തിൽ പ്രധാനമന്ത്രിയെ വിമർശിക്കുന്ന പരാമർശം കൂട്ടിച്ചേർത്തത്‌ യെച്ചൂരി ആവശ്യപ്പെട്ടതനുസരിച്ചായിരുന്നു.

മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിങ്, എ.കെ. ആന്റണി, ഗുലാംനബി ആസാദ്, അഹമ്മദ് പട്ടേൽ (കോൺഗ്രസ്), ശരദ് പവാർ (എൻ.സി.പി.) എൻ. ചന്ദ്രബാബു നായിഡു (ടി.ഡി.പി.), ശരദ് യാദവ് (എൽ.ജെ.ഡി.), എസ്. സുധാകർ റെഡ്ഡി, ബിനോയ് വിശ്വം (സി.പി.ഐ.), പി.കെ. കുഞ്ഞാലിക്കുട്ടി (മുസ്‌ലിം ലീഗ്), ജോസ് കെ. മാണി (കേരള കോൺഗ്രസ്-എം.), തിരുച്ചി ശിവ (ഡി.എം.കെ.), സതീഷ്ചന്ദ്ര മിശ്ര (ബി.എസ്.പി.), മനോജ് ഝാ (ആർ.ജെ.ഡി.),സഞ്ജയ് സിങ് (എ.എ.പി.), ഡാനിഷ് അലി (ജെ.ഡി.എസ്.), ഷിബു സോറൻ (ജെ.എം.എം.), ഉപേന്ദ്ര കുശ് ഹാവ (ആർ.എൽ.എസ്.പി.) തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

രാജ്യത്തിന്റെ കാര്യത്തിൽ എല്ലാവരും ഒറ്റക്കെട്ടാണെന്നും അതിനെ രാഷ്ട്രീയവത്കരിക്കുന്നതിനോടാണ് പ്രതിപക്ഷത്തിന്റെ എതിർപ്പെന്നും യോഗത്തിനുശേഷം പി.കെ. കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു.