ന്യൂഡൽഹി: പെഗാസസ്-കാർഷിക വിഷയങ്ങളിൽ ചർച്ചയാവശ്യപ്പെട്ട് പാർലമെന്റ് പ്രവർത്തനങ്ങൾ തടസ്സപ്പെടുത്തുന്ന പ്രതിപക്ഷത്തിനെതിരേ രൂക്ഷവിമർശവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി.

പാർലമെന്റിൽ ബില്ലുകൾ കീറിയെറിഞ്ഞും അപമാനകരമായ പരാമർശങ്ങൾ നടത്തിയും നിയമനിർമാണത്തെയും ഭരണഘടനയെയും പ്രതിപക്ഷാംഗങ്ങൾ അപമാനിക്കുകയാണെന്ന് ബി.ജെ.പി. പാർലമെന്ററിപാർട്ടി യോഗത്തിൽ മോദി കുറ്റപ്പെടുത്തി. ചില പ്രതിപക്ഷാംഗങ്ങളുടെ പ്രവൃത്തിയിൽ പ്രധാനമന്ത്രി രോഷം പ്രകടിപ്പിച്ചതായി യോഗകാര്യങ്ങൾ വിശദീകരിച്ച് പാർലമെന്ററികാര്യ മന്ത്രി പ്രൾഹാദ് ജോഷി പറഞ്ഞു.

രാജ്യസഭയിൽ പെഗാസസ് വിഷയത്തിൽ ഐ.ടി. മന്ത്രി അശ്വിനി വൈഷ്ണവ് വിശദീകരണം നൽകവേ, ഒട്ടേറെ പ്രതിപക്ഷാംഗങ്ങൾ പ്രസ്താവന കീറിയെറിഞ്ഞിരുന്നു. തൃണമൂൽ എം.പി. ശന്തനു സെൻ മന്ത്രിക്കുനേരെയും കടലാസുകഷ്ണങ്ങളെറിഞ്ഞു. ഇത്‌ ചൂണ്ടിക്കാട്ടിയായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. നിയമങ്ങൾ നിർമിക്കുകയാണോ അതോ പാപ്പ്ഡി ചാട്ട് (ഉരുളക്കിഴങ്ങും തൈരുമൊക്കെ ചേർത്തുള്ള തെരുവോര ഭക്ഷണം) തയ്യാറാക്കുകയാണോ എന്ന് ട്വീറ്റ് ചെയ്ത് തൃണമൂൽ എം.പി. ഡെറിക് ഒബ്രയാൻ ചർച്ചകൂടാതെ ബില്ലുകൾ പാസാക്കുന്നതിനെ പരിഹസിച്ചിരുന്നു. ഇതും പ്രധാനമന്ത്രിയുടെ കോപത്തിന്‌ കാരണമായതായി പ്രൾഹാദ് ജോഷിയും സഹമന്ത്രി വി. മുരളീധരനും പറഞ്ഞു. ഇത്തരം പരാമർശങ്ങൾ പാർലമെന്ററി പ്രവർത്തനങ്ങളെയും തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ അഭിമാനത്തെയും അവഹേളിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞതായി വി.മുരളീധരൻ പറഞ്ഞു.

Content Highlights: Opposition insults Parliament and people says pm