ന്യൂഡൽഹി : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ 50 ശതമാനം വി.വി.പാറ്റ് സ്ലിപ്പുകളെങ്കിലും എണ്ണി ഒത്തുനോക്കണമെന്ന ആവശ്യത്തിലുറച്ച് പ്രതിപക്ഷ പാർട്ടികൾ. ഇതിനായി വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് പ്രതിപക്ഷകക്ഷിനേതാക്കൾ ഡൽഹിയിൽ പത്രസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തെക്കുറിച്ച് ആലോചിക്കാൻ ചേർന്ന യോഗത്തിനുശേഷമാണ് ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും മാധ്യമങ്ങളെ കണ്ടത്. 

ഞായറാഴ്ച ഡൽഹിയിൽ ചേർന്ന യോഗത്തിൽ കോൺഗ്രസ്, ടി.ഡി.പി., സമാജ്‌വാദി പാർട്ടി, സി.പി.ഐ., സി.പി.എം., എ.എ.പി. തുടങ്ങിയ പാർട്ടികളുടെ നേതാക്കൾ പങ്കെടുത്തു. 50 ശതമാനം സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ പാർട്ടികളുടെ ആവശ്യം ഈമാസം എട്ടിന് സുപ്രീംകോടതി തള്ളിയിരുന്നു.  ഏപ്രിൽ 11-ന് ആദ്യഘട്ട തിരഞ്ഞെടുപ്പ് നടന്നുകഴിഞ്ഞ പശ്ചാത്തലത്തിലാണ് പ്രതിപക്ഷത്തിന്റെ പുതിയ നീക്കം. 

പകുതി സ്ലിപ്പുകൾ എണ്ണണമെന്ന പ്രതിപക്ഷ ആവശ്യം അംഗീകരിച്ചില്ലെങ്കിലും ഓരോ നിയമസഭാ മണ്ഡലത്തിലെയും അഞ്ച് ബൂത്തുകളിലെ സ്ലിപ്പുകൾ എണ്ണണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഒരു നിയമസഭാ മണ്ഡലത്തിൽ ഒരു ബൂത്തിലെ സ്ലിപ്പെണ്ണാമെന്ന കമ്മിഷൻ നിലപാട് തള്ളിയായിരുന്നു നിർദേശം. എന്നാൽ, തിരഞ്ഞെടുപ്പിന്റെ സുതാര്യതയ്ക്ക് ഇതുപോരെന്നും പകുതിയെങ്കിലും സ്ലിപ്പുകൾ എണ്ണണമെന്നുമാണ് 21 രാഷ്ട്രീയപ്പാർട്ടികളുടെ ആവശ്യമെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു. നായിഡുവിന്റെ നേതൃത്വത്തിലാണ് നേരത്തേ 21 പാർട്ടികൾ സുപ്രീംകോടതിയിൽ ഹർജി നൽകിയത്. 
പകുതി സ്ലിപ്പുകൾ എണ്ണണമെന്നാവശ്യപ്പെട്ട് വീണ്ടും സുപ്രീംകോടതിയെ സമീപിക്കുമെന്ന് കോൺഗ്രസ് നേതാക്കളും മുതിർന്ന അഭിഭാഷകരുമായ കപിൽ സിബൽ, അഭിഷേക് മനു സിംഘവി എന്നിവർ ഞായറാഴ്ചത്തെ യോഗത്തിനുശേഷം പറഞ്ഞു.  യോഗത്തിൽ സി.പി.എം. പി.ബി. അംഗം നീലോൽപൽ ബസു, സി.പി.ഐ. ജനറൽ സെക്രട്ടറി സുധാകർ റെഡ്ഡി തുടങ്ങിയവരും പങ്കെടുത്തു. 

ഒന്നാംഘട്ട തിരഞ്ഞെടുപ്പിൽ പലയിടത്തും വി.വി.പാറ്റ് യന്ത്രങ്ങളിൽ ഏഴ് സെക്കൻഡിന് പകരം മൂന്ന് സെക്കൻഡ് മാത്രമേ ഡിസ്‌പ്ലേ ഉണ്ടായിരുന്നുള്ളൂവെന്ന് പ്രതിപക്ഷനേതാക്കൾ ആരോപിച്ചു. മൂന്ന് സെക്കൻഡ് മാത്രമാണ് മെഷീനിൽ സ്ലിപ് നിൽക്കുന്നതെങ്കിൽ വോട്ടർക്ക് അത് നോക്കി ഉറപ്പുവരുത്തുക പ്രയാസമാണ്. ഈ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് പൂർത്തിയാകുംവരെ കാത്തിരിക്കാനാവില്ലെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ഇലക്‌ട്രോണിക് വോട്ടിങ് യന്ത്രങ്ങളുടെ പോരായ്മകളെക്കുറിച്ച് ദേശവ്യാപകമായി പ്രചാരണപരിപാടി നടത്തുമെന്ന് സിംഘവി പറഞ്ഞു. സുപ്രീംകോടതിയിൽ പുതിയ അപേക്ഷ നൽകുമെന്നും സിംഘവി അറിയിച്ചു. 

പ്രതിപക്ഷം പറയുന്നു

  •  ആർക്കാണ് വോട്ടുചെയ്തതെന്ന്‌ യന്ത്രത്തിൽ തെളിഞ്ഞു
  • കാണുന്നതിനുള്ള സമയം മൂന്നു സെക്കൻഡ് പോരാ
  •  േവാട്ടിങ് യന്ത്രത്തിൽ 25 ശതമാനവും ശരിയായി പ്രവർത്തിക്കുന്നില്ല
  •  ഒരു പാർട്ടിക്ക് വോട്ട് ചെയ്താൽ മറ്റൊരു പാർട്ടിക്ക് വോട്ട് ലഭിക്കുന്ന അവസ്ഥയുണ്ട്
  •  പോരായ്മ പരിഹരിക്കാൻ കമ്മിഷൻ ആവശ്യമായത് ചെയ്യുന്നില്ല
  •  

content highlights: opposition demand 50 percentage of vvpat verification