ന്യൂഡൽഹി: വി.ഡി. സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്ന പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്ങിന്റെ പ്രസ്താവന വിവാദത്തിൽ.

ആർ.എസ്.എസും ബി.ജെ.പി.യും ചരിത്രത്തെ വളച്ചൊടിക്കുകയാണെന്ന വിമർശനവുമായി കോൺഗ്രസും ഇടതുപാർട്ടികളും രംഗത്തെത്തി. ചരിത്രത്തിന്റെ അപഹാസ്യമായ തിരുത്തിയെഴുത്താണ് നടത്തുന്നതെന്ന് സി.പി.എം. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. ചരിത്രം വളച്ചൊടിക്കുന്ന ആർ.എസ്.എസിന്റെ സ്വഭാവത്തിൽനിന്ന് പ്രതിരോധമന്ത്രിയും മുക്തനല്ലെന്ന് കോൺഗ്രസ് നേതാവ് ജയറാം രമേഷ് പറഞ്ഞു. ഇങ്ങനെപോയാൽ സവർക്കറെ ബി.ജെ.പി. ഇന്ത്യയുടെ രാഷ്ട്രപിതാവായി പ്രഖ്യാപിക്കുമെന്ന് മജ്‍ലിസ് പാർട്ടി നേതാവ് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു.

ചൊവ്വാഴ്ച ഡൽഹിയിൽ സവർക്കറെക്കുറിച്ചുള്ള പുസ്തക പ്രകാശനച്ചടങ്ങിലെ അധ്യക്ഷപ്രസംഗത്തിലായിരുന്നു രാജ്നാഥ് സിങ്ങിന്റെ വിവാദ പരാമർശം. അന്തമാനിലെ ജയിലിൽ കഴിയുമ്പോൾ സവർക്കർ ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകിയത് മഹാത്മാഗാന്ധിയുടെ നിർദേശപ്രകാരമായിരുന്നെന്നാണ് അദ്ദേഹം പറഞ്ഞത്.

ഇതിനെതിരേ ട്വിറ്ററിലൂടെയാണ് യെച്ചൂരി പ്രതികരിച്ചത്. ആർ.എസ്.എസ്. ഒരിക്കലും സ്വാതന്ത്ര്യസമരത്തിൽ പങ്കെടുത്തിട്ടില്ലെന്നും ബ്രിട്ടീഷുകാരുമായി അവർ പലപ്പോഴും സഹകരണത്തിലായിരുന്നെന്നും അദ്ദേഹം പറഞ്ഞു. സവർക്കർ ദയാഹർജി നൽകിയത് 1911, 1913 വർഷങ്ങളിലും ഗാന്ധിജി ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിൽ പ്രവേശിച്ചത് 1915-ലുമാണെന്ന് യെച്ചൂരി ചൂണ്ടിക്കാട്ടി.

1920 ജനുവരി 25-ന് ഗാന്ധിജി എഴുതിയ കത്തിനെ വളച്ചൊടിക്കുകയാണ് രാജ്‌നാഥ് സിങ് ചെയ്തിരിക്കുന്നതെന്ന് ജയറാം രമേഷ്‌ ചൂണ്ടിക്കാട്ടി. സവർക്കറുടെ സഹോദരന് ഗാന്ധിജി എഴുതിയ കത്തിന്റെ പകർപ്പും അദ്ദേഹം ട്വീറ്റിനൊപ്പം ചേർത്തിട്ടുണ്ട്.

പ്രതിരോധമന്ത്രി നുണപറയുകയാണെന്ന് സി.പി.എം. പൊളിറ്റ് ബ്യൂറോ അംഗം വൃന്ദാ കാരാട്ട് കുറ്റപ്പെടുത്തി. 11 പ്രാവശ്യം ജയിലിൽപ്പോയ ഗാന്ധിജി ഒരിക്കൽപ്പോലും മാപ്പു പറഞ്ഞിട്ടില്ല. സവർക്കർ തുടർച്ചയായി ബ്രിട്ടീഷ് സർക്കാരിന് മാപ്പപേക്ഷ നൽകി. സ്വാതന്ത്ര്യസമരത്തിൽ ഗാന്ധിജിയുടെ പങ്കും ഇല്ലാതാക്കാനാണ് ശ്രമമെന്ന് വൃന്ദ കുറ്റപ്പെടുത്തി.

പ്രതിരോധമന്ത്രിയുടെ പ്രസംഗം എഴുതുന്നയാളെ പിരിച്ചുവിടണമെന്ന് അസദുദ്ദീൻ ഒവൈസി പ്രതികരിച്ചു. 1911-ലാണ് സവർക്കർ ആദ്യത്തെ മാപ്പപേക്ഷ ബ്രിട്ടീഷ് സർക്കാരിന് സമർപ്പിച്ചത്. 1913-14ൽ രണ്ടാമത്തെ കത്തെഴുതി. ഇക്കാലത്ത് ഗാന്ധിജി ദക്ഷിണാഫ്രിക്കയിലായിരുന്നു -അദ്ദേഹം പറഞ്ഞു.