മുംബൈ: കോവിഡ് വാക്സിന്റെ രണ്ടു ഡോസുകളുമെടുത്തവർക്ക് മാത്രമായിട്ടെങ്കിലും അന്താരാഷ്ട്ര വിമാന സർവീസുകൾ പുനരാരംഭിക്കണമെന്ന് ആഗോള വിമാനക്കമ്പനികളുടെ കൂട്ടായ്മയായ അയാട്ട. അന്താരാഷ്ട്ര വിമാനയാത്രകൾ വീണ്ടും തുടങ്ങുന്നതിൽ പ്രതിരോധ കുത്തിവെപ്പിനും രോഗ പരിശോധനയ്ക്കും നിർണായക പങ്കാണുള്ളത്. ആഗോളതലത്തിൽ വാക്സിൻ വിതരണം പൂർത്തിയാക്കാൻ കൂടുതൽ സമയമെടുത്തേക്കാം. അതുവരെ അന്താരാഷ്ട്ര വിമാന സർവീസുകൾക്കായി അതിർത്തികൾ അടച്ചിടുന്നത് ശരിയല്ലെന്ന് അയാട്ടയുടെ ഏഷ്യ പസഫിക് റീജണൽ വൈസ് പ്രസിഡന്റ് കോൺറാഡ് ക്രിഫോഡ് പറഞ്ഞു.

വിവര വിശകലന രീതികൾ നോക്കി കോവിഡ് വ്യാപനമുയർത്തുന്ന വെല്ലുവിളി ലഘൂകരിച്ച് അന്താരാഷ്ട്ര വിമാനസർവീസുകൾ അനുവദിക്കണമെന്നാണ് സർക്കാരുകളോട് അഭ്യർഥിക്കുന്നത്. എയർബസും ബോയിങ്ങും അടുത്തിടെ നടത്തിയ ഡേറ്റ മോഡലിങ്ങിൽ ക്വാറന്റീൻ ഒഴിവാക്കിത്തന്നെ വെല്ലുവിളി ലഘൂകരിച്ച് അന്താരാഷ്ട്ര വിമാന സർവീസ് പുനരാരംഭിക്കാനാകുമെന്ന് ചൂണ്ടിക്കാട്ടിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. വാക്സിൻ ലഭിക്കാൻ സാധ്യത കുറഞ്ഞ രാജ്യങ്ങളിൽ കോവിഡ് പരിശോധന നിർബന്ധമാക്കി യാത്ര അനുവദിക്കാനാവും.

ആഗോളതലത്തിൽ വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്നുണ്ട്. അതുകൊണ്ടുതന്നെ ആഗോള സമ്പദ് വ്യവസ്ഥ വേഗത്തിൽ മെച്ചപ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. വിവിധ രാജ്യങ്ങൾ ഇതിനകം വാക്സിനെടുത്തവർക്കായി അതിർത്തികൾ തുറന്നിട്ടുണ്ട്. ഇരുപതിലധികം രാജ്യങ്ങൾ പൂർണമായോ ഭാഗികമായോ നിയന്ത്രണങ്ങൾ നീക്കിയതായി അദ്ദേഹം പറഞ്ഞു.