ന്യൂഡൽഹി: കേരളത്തിലെ നേതൃമാറ്റത്തിൽ ഹൈക്കമാൻഡ് ഏകപക്ഷീയമായി തീരുമാനമെടുത്തത് സംസ്ഥാനത്തെ മുതിർന്ന നേതാക്കളെ അപമാനിക്കുന്ന പ്രതീതി സൃഷ്ടിച്ചതായി കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. വെള്ളിയാഴ്ച ഡൽഹിയിൽ പാർട്ടി മുൻ ദേശീയാധ്യക്ഷൻ രാഹുൽ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയിലാണ് ഉമ്മൻ ചാണ്ടി അതൃപ്തിയറിയിച്ചത്.

തീരുമാനങ്ങളെടുക്കുന്നതിനുള്ള അധികാരം ഹൈക്കമാൻഡിനാണെങ്കിലും അതു കുറച്ചുകൂടി മെച്ചപ്പെട്ട രീതിയിൽ ആവാമായിരുന്നു. പാർട്ടിയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം എല്ലാവരുമായി കൂടിയാലോചിച്ചു ചെയ്യണം. സംസ്ഥാനത്തെ നേതാക്കൾക്കിടയിൽ ഐക്യത്തിന് അത് അനിവാര്യമാണെന്ന് ഉമ്മൻ ചാണ്ടി പറഞ്ഞു. പാർട്ടിയുടെ കെട്ടുറപ്പ് ശക്തമാക്കാനായിരിക്കും പുതിയ ഭാരവാഹികൾ മുൻതൂക്കം നൽകുകയെന്ന് രാഹുൽ മറുപടി നൽകി.

ഉമ്മൻ ചാണ്ടിയെ അനുനയിപ്പിക്കാനാണ് രാഹുൽ അദ്ദേഹത്തെ ഡൽഹിക്ക് വിളിപ്പിച്ചത്. വെള്ളിയാഴ്ച രാവിലെ സോണിയാ ഗാന്ധിയുടെ വസതിയിൽ നടന്ന കൂടിക്കാഴ്ച 20 മിനിറ്റോളം നീണ്ടു. ആരുമായും അഭിപ്രായവ്യത്യാസങ്ങളൊന്നുമില്ലെന്നും തിരഞ്ഞെടുക്കപ്പെട്ട നേതാക്കളെക്കുറിച്ച് പരാതിയില്ലെന്നും ഉമ്മൻചാണ്ടി വ്യക്തമാക്കി. തോൽവിക്ക് ഏതെങ്കിലും നേതാവിനെ പഴിചാരുന്നതിൽ അർഥമില്ല. കോവിഡ് കാരണം ബഹുജന പ്രക്ഷോഭങ്ങൾ ഏറ്റെടുത്ത് വിജയിപ്പിക്കാൻ പറ്റുന്ന അവസ്ഥയിലായിരുന്നില്ല പാർട്ടി. മറ്റു സാഹചര്യങ്ങളും പ്രതികൂലമായി. തോൽവിയുടെപേരിൽ ആരെയെങ്കിലും പെട്ടെന്നു മാറ്റുമ്പോൾ അത് എല്ലാവരെയും വിശ്വാസത്തിലെടുത്തിട്ട് വേണമായിരുന്നെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.

ഹൈക്കമാൻഡിന്റെ ഏതു തീരുമാനവും അംഗീകരിക്കാൻ എല്ലാവരും ബാധ്യസ്ഥരാണെന്ന് കൂടിക്കാഴ്ചയ്ക്കുശേഷം ഉമ്മൻ ചാണ്ടി മാധ്യമങ്ങളോട് പറഞ്ഞു. ആന്ധ്രയുടെ ചുമതലയുള്ള ജനറൽ സെക്രട്ടറി സ്ഥാനം താൻ ഒഴിയുകയാണെന്ന വാർത്തകൾ ശരിയല്ലെന്നും പാർട്ടി ഏൽപ്പിച്ച പദവിയിൽ ഉത്തരവാദിത്വം കൃത്യതയോടെ നിർവഹിക്കുമെന്നും അദ്ദേഹം ‘മാതൃഭൂമി’യോട് പറഞ്ഞു.