മുംബൈ: കോവിഡ് പ്രതിസന്ധിയിൽ സ്കൂളുകളടച്ച് രാജ്യം ഓൺലൈൻ വിദ്യാഭ്യാസത്തിലേക്ക് നീങ്ങിയപ്പോൾ രാജ്യത്തെ ഗ്രാമീണമേഖലയിൽ 37 ശതമാനം കുട്ടികളുടെ പഠനം പൂർണമായി നിലച്ചെന്ന് സർവേയിലെ കണ്ടെത്തൽ. ഗ്രാമീണമേഖലയിൽ കൃത്യമായി ഓൺലൈൻ പഠനം തുടരുന്നത് 28 ശതമാനം കുട്ടികൾ മാത്രമാണെന്ന് സർവേ പറയുന്നു.

ഡൽഹി ഐ.ഐ.ടി.യിലെ സാമ്പത്തികശാസ്ത്ര പ്രൊഫസർ റീതിക ഖെര, സാമ്പത്തിക ശാസ്ത്രജ്ഞൻ ഴാങ് ഡ്രെസേ, ഗവേഷകൻ വിപുൽ പൈക്ര എന്നിവരുടെ നേതൃത്വത്തിൽ ഈ ഓഗസ്റ്റിൽ 15 സംസ്ഥാനങ്ങളിൽ നടത്തിയ സർവേയിലാണ് ഓൺലൈൻ വിദ്യാഭ്യാസത്തിലെ അപകടകരമായ വിടവ് വെളിപ്പെട്ടത്. സ്കൂൾ ചിൽഡ്രൻസ് ഓൺലൈൻ ആൻഡ് ഓഫ്‌ലൈൻ സർവേ എന്നു പേരിട്ട പഠനം ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ 1362 കുട്ടികൾക്കിടയിലാണ് നടത്തിയത്. സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന മേഖലകൾക്കാണ് സർവേയിൽ ഊന്നൽ നൽകിയത്.

സർവേയിലെ കണ്ടെത്തലനുസരിച്ച് ഗ്രാമീണമേഖലയിൽ 28 ശതമാനം കുട്ടികൾ മാത്രമാണ് പതിവായി ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കുന്നത്. നഗരങ്ങളിൽ ഇത് 47 ശതമാനം വരും. ഗ്രാമങ്ങളിൽ 37 ശതമാനവും നഗരങ്ങളിൽ 19 ശതമാനവും തീരേ പഠിക്കുന്നില്ല. ഓൺലൈൻ ക്ലാസുകൾ തുടങ്ങിയശേഷം കുട്ടികളുടെ വായിക്കാനുള്ള കഴിവു നന്നെ കുറഞ്ഞതായി 75 ശതമാനം രക്ഷിതാക്കളും സാക്ഷ്യപ്പെടുത്തി.

ഗ്രാമീണമേഖലയിലെ 51 ശതമാനം വീടുകളിൽ മാത്രമേ സ്മാർട്ട് ഫോൺ ഉള്ളൂ എന്നാണ് സർവേയിലെ കണ്ടെത്തൽ. എന്നാൽ 31 ശതമാനം കുട്ടികൾക്കേ സ്മാർട്ട് ഫോൺ ഉപയോഗിക്കാൻ കിട്ടുന്നുള്ളൂ. ജോലിക്കുപോകുന്ന മുതിർന്നവരുടെ കൈയിലായിരിക്കും ഫോൺ എന്നതാണ് കാരണം. 12 ശതമാനം കുട്ടികൾക്കുമാത്രമാണ് സ്വന്തമായി സ്മാർട്ട് ഫോണുള്ളത്. അടിയന്തരമായി സ്കൂളുകൾ തുറക്കേണ്ടതിന്റെ ആവശ്യകതയിലേക്കാണ് സർവേ വിരൽചൂണ്ടുന്നതെന്ന് ഗവേഷകർ പറയുന്നു. നഗരങ്ങളിലെ 90 ശതമാനം രക്ഷിതാക്കളും ഗ്രാമങ്ങളിലെ 97 ശതമാനം രക്ഷിതാക്കളും എത്രയുംവേഗം സ്കൂൾ തുറക്കണമെന്ന് ആവശ്യപ്പെട്ടു.

Content Highlights: Online class: 37% of children in rural areas do not study at all, survey report