ന്യൂഡല്‍ഹി: തീരപരിപാലന നിയന്ത്രണചട്ടവുമായി ബന്ധപ്പെട്ട അനുമതികള്‍ക്കായി അപേക്ഷ സമര്‍പ്പിക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം നിലവില്‍ വന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്റെ വെബ്‌സൈറ്റിന്റെ ഭാഗമായാണ് ഈ സൗകര്യം ഒരുക്കിയത്. അപേക്ഷകള്‍ കൈകാര്യം ചെയ്യാന്‍ ഏകജാലക സംവിധാനമൊരുക്കാനാണ് ഈ നടപടി.

കേന്ദ്രമന്ത്രി അനില്‍ ദവെ പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്തു. തീരപരിപാലന അനുമതിക്കുള്ള നടപടിക്രമങ്ങള്‍ സുതാര്യവും കാര്യക്ഷമവും കൃത്യവുമാക്കുക, അപേക്ഷകളുടെ സ്ഥിതി തത്സമയം അറിയിക്കുക, ഇടപാടുകള്‍ വേഗത്തിലാക്കുക തുടങ്ങിയവയാണ് പ്രത്യേക പോര്‍ട്ടലിലൂടെ ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, തദ്ദേശഭരണ സ്ഥാപനങ്ങള്‍, നഗരസഭകള്‍, നഗരാസൂത്രണ ഏജന്‍സികള്‍ തുടങ്ങിയ സ്ഥാപനങ്ങള്‍ക്ക് തങ്ങളുടെ അപേക്ഷകളുടെയും നിര്‍ദേശങ്ങളുടെയും തത്സ്ഥിതി അറിഞ്ഞ് നടപടിക്രമങ്ങള്‍ സ്വീകരിക്കാന്‍ വെബ്‌സൈറ്റ് സഹായിക്കും.