മുംബൈ: ദിവസങ്ങളുടെ പ്രതിഷേധത്തിനൊടുവിൽ ഉള്ളി ലേലത്തിൽ പങ്കെടുക്കാൻ വെള്ളിയാഴ്ച നാസിക്കിലെ ലാസൽഗാവിൽ കച്ചവടക്കാർ എത്തി. ഉള്ളിലേലം തുടങ്ങിയതോടെത്തന്നെ വില കുറയാനും തുടങ്ങി. വെള്ളിയാഴ്ച ലാസൽഗാവ് ചന്തയിൽ 142 ട്രക്കുകളിലായി 1500 ക്വിന്റൽ ഉള്ളിയാണ് വിൽപ്പനയ്ക്കായി എത്തിയത്.
ക്വിന്റലിന് ശരാശരി 5,100 രൂപയായിരുന്നു വില. ഏറ്റവും കൂടിയ വില 5,912 രൂപയായിരുന്നു. കഴിഞ്ഞ ആഴ്ച ലേലം നടക്കുമ്പോൾ ഉണ്ടായിരുന്ന വിലയെക്കാൾ 1500 രൂപ കുറഞ്ഞതായി കച്ചവടക്കാർ പറഞ്ഞു. വരും ദിവസങ്ങളിൽ ഉള്ളി വില ഇനിയും കുറയാൻ സാധ്യതയുണ്ടെന്നാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.
നിലവിൽ ചില്ലറ വിൽപ്പന കേന്ദ്രങ്ങളിൽ ഉള്ളി കിലോയ്ക്ക് 100 രൂപയിലധികമാണ്. ഉള്ളി വില കുതിച്ചുയർന്നതിനെത്തുടർന്ന് ഇക്കഴിഞ്ഞ ഒക്ടോബർ 23-ന് കേന്ദ്ര സർക്കാർ ഉള്ളിയെ അവശ്യവസ്തുവിൽ പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഉള്ളി ഗോഡൗണിൽ സൂക്ഷിക്കുന്നതിന് പരിധിയും ഏർപ്പെടുത്തി. ഉള്ളി കയറ്റുമതി നിരോധിക്കുകയുമുണ്ടായി. ഇതാണ് ഉള്ളി ലേലത്തിലെടുക്കുന്ന കച്ചവടക്കാർ പ്രതിഷേധിച്ചത്. അവർ ലേലത്തിൽ പങ്കെടുക്കാതിരുന്നതോടെ കർഷകർക്ക് ഉള്ളി വിൽക്കാൻ കഴിയാതെയായി. ചില്ലറ വിപണിയിൽ ഉള്ളി വരാതായതോടെ വില കുതിച്ചുയരുകയും ചെയ്തു.
ഒരേസമയം ഉള്ളി കർഷകരും ഉപഭോക്താക്കളും പ്രതിസന്ധിയിലായ അവസ്ഥ. ഇതേത്തുടർന്ന് വ്യാഴാഴ്ച ഉള്ളി കർഷകരുടെ സംഘടനാ പ്രതിനിധികൾ മുഖ്യമന്ത്രി ഉദ്ധവ് താക്കറെയെ കണ്ട് തങ്ങളുടെ അവസ്ഥ വിശദീകരിച്ചു. ലേലം നടക്കാതിരുന്നാൽ വലിയ നഷ്ടമായിരിക്കും കർഷകർക്കുണ്ടാവുക എന്നും അദ്ദേഹത്തെ ധരിപ്പിച്ചു. മുഖ്യമന്ത്രി ഉടൻ വിവിധ കക്ഷികളുമായി ചർച്ച നടത്തി. കൃഷി വകുപ്പ് മന്ത്രി ദാദാജി ഭുസെ, വകുപ്പ് സെക്രട്ടറി ഏക്‌നാഥ് ദവാലെ, ഉള്ളി കർഷകരുടെ പ്രതിനിധികൾ, ലാസൽഗാവിലെ മർച്ചന്റ് അസോസിയേഷൻ പ്രതിനിധികൾ തുടങ്ങിയവരെല്ലാം ഇതിൽ പങ്കെടുത്തു. ഇതേത്തുടർന്നാണ് പ്രതിസന്ധി ഒഴിഞ്ഞതും ലേലത്തിൽ പങ്കെടുക്കാൻ കച്ചവടക്കാർ തയ്യാറായതും. രാജ്യത്ത് ഉത്‌പാദിപ്പിക്കുന്ന ഉള്ളിയിൽ 60 ശതമാനവും മഹാരാഷ്ട്രയിൽ നിന്നാണ്. കയറ്റുമതി ചെയ്യുന്നതിൽ 80 ശതമാനവും മഹാരാഷ്ട്രയിൽനിന്നു തന്നെ.
Content Highlights: Onion price India